ബാഹുബലി 2 : തീയേറ്ററില്‍ പോയി ആസ്വദിക്കേണ്ട ഇന്ത്യന്‍ ചലച്ചിത്രവിസ്മയം

0

കുറച്ചു ദിവസങ്ങളായി “കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് ?”എന്ന ചോദ്യത്തിനു പിന്നാലെയാണ് ഇന്ത്യന്‍ സിനിമാലോകം.എന്നാല്‍ ആ ചോദ്യത്തിനുത്തരം നല്‍കുന്നതിനേക്കാള്‍ ഏറെ മുകളിലാണ് ബാഹുബലി 2 എന്ന ചലച്ചിത്രം പ്രേക്ഷകര്‍ക്ക്‌ നല്‍കുന്ന വിരുന്ന്.രാജമൌലി എന്ന സംവിധായകന്‍റെ കഴിവിന്‍റെ മികച്ച ഉദാഹരണമായി ഈ സിനിമ അറിയപ്പെടുമെന്ന് ഉറപ്പിക്കാം.9000 തീയറ്ററില്‍ റിലീസ് ചെയ്യുന്ന ബാഹുബലി 2 തെലുങ്ക്,തമിഴ് ,ഹിന്ദി ,മലയാളം ഭാഷകളിലാണ് ഒരേ സമയം പ്രേക്ഷകരിലേക്കെത്തുന്നത്.ഏകദേശം 200 കോടി രൂപയാണ് രണ്ടാം ഭാഗത്തിന് മുടക്കിയിരിക്കുന്നത്‌.500 കോടി രൂപ റിലീസിന് മുന്‍പ് തന്നെ വിതരണത്തിലൂടെയും മറ്റുമായി തിരികെ ലഭിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.കേരളത്തില്‍ മുന്നൂറോളം തീയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ സിംഗപ്പൂരില്‍ ഒരു ഇന്ത്യന്‍ സിനിമയ്ക്ക്‌ ലഭിക്കാവുന്ന ഏറ്റവും വലിയ റിലീസാണ് ലഭിച്ചിരിക്കുന്നത്.തെലുങ്ക് ഭാഷയിലുള്ള ഷോ നേരത്തെ തുടങ്ങിയപ്പോള്‍ ഹിന്ദി ,തമിഴ് ഭാഷകളിലുള്ള റിലീസ് വെള്ളിയാഴ്ചയാണ്.

ബാഹുബലി ഒന്നാം ഭാഗത്തിനേക്കാള്‍ അഭിനയമികവ് കൊണ്ട് പ്രഭാസും ,രാണയും മികച്ചു നിന്നപ്പോള്‍ അനുഷ്ക എന്ന നടിയുടെ തന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഴിവുകള്‍ പുറത്തെടുക്കുന്നതില്‍ വിജയിച്ചിരിക്കുന്നു.രെമ്യാ കൃഷ്ണന്‍ ,അനുഷ്ക എന്നിവരുടെ ശക്തമായ  സ്ത്രീകഥാപാത്രങ്ങള്‍ തന്നെയാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത.കട്ടപ്പ എന്ന വേഷത്തിലൂടെ സത്യരാജ് രണ്ടാം ഭാഗത്തിലും ഉടനീളം മികച്ചുനിന്നു.ഹാസ്യത്തിന് കൃത്യമായ അവസരം ബാഹുബലി 2 –ഇല്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സത്യരാജ് ആ ഭാഗം കൃത്യമായി അഭിനയിച്ചുഫലിപ്പിച്ചു. പ്രതീക്ഷിച്ചപോലെ തന്നെ തമന്നയ്ക്ക് പ്രത്യേകിച്ച് ചെയ്യുവാനായി അവസരം രണ്ടാം ഭാഗത്തില്‍ ഉണ്ടായിരുന്നില്ല.

കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്ന ഉത്തരം സിനിമയുടെ പ്രാധാന്യം നഷ്ടപ്പെടുത്തുന്നില്ല .അതിന്‍റെ കാരണം അറിഞ്ഞവര്‍ക്കുപോലും ഒട്ടും മുഷിപ്പില്ലാതെ സിനിമ ആസ്വദിക്കാന്‍ കഴിയുംവിധമാണ് ബാഹുബലിയുടെ നിര്‍മ്മാണം.ചടുതലയേറിയ യുദ്ധരംഗങ്ങള്‍ ,മൂര്‍ച്ചയുള്ള സംഭാഷണം,മുള്‍മുനയില്‍ നിര്‍ത്തുന്ന വൈകാരിക നിമിഷങ്ങള്‍ അങ്ങനെയെല്ലാം കൂട്ടിച്ചേര്‍ത്തു കൊണ്ടുള്ള ഒരു ദ്രിശ്യവിരുന്നാണ് ബാഹുബലി ദ കണ്ക്ലൂഷന്‍.

കീരവാണിയുടെ സംഗീതം ആദ്യഭാഗത്തെ അപേക്ഷിച്ച് പിന്നോട്ട് പോയതായി അനുഭവപ്പെടുന്നുണ്ട്.എന്നാല്‍ പശ്ചാത്തലസംഗീതത്തില്‍ നല്‍കുന്ന ചാടുതലയും താളവും ഓരോ സീനുകള്‍ക്കും നല്‍കുന്ന അനുഭൂതി തീയറ്ററില്‍ നിന്ന് തന്നെ അനുഭവിച്ചറിയേണ്ടതാണ്.

പതിവുപോലെ വിഎഫ്.എക്സ് കുറവുകള്‍ സാധാരണ ഇന്ത്യന്‍ സിനിമയില്‍ സംഭവിക്കുന്നത്‌ പോലെ ബാഹുബലി 2-ലും കാണാവുന്നതാണ്.എന്നാല്‍ സിനിമയുടെ ഗതിയെ ബാധിക്കുന്ന തരത്തില്‍ തീരെ മോശമാകാതെ മികവുറ്റതാക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്.മൂന്ന് മണിക്കൂര്‍ നീളുന്ന ഒരു സിനിമയ്ക്ക്‌ നല്കാവുന്ന വിഷ്വല്‍ എഫെക്റ്റ്സ് നല്‍കിയിട്ടുണ്. അഞ്ചു വര്ഷം കൊണ്ട് ഷൂട്ട്‌ ചെയ്ത സിനിമ എന്ന നിലയില്‍ ചില തുടര്‍ച്ചകള്‍ നഷ്ടമായിട്ടുണ്ട് .പ്രത്യേകിച്ച് അനുഷ്കയുടെ രൂപതിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍.എന്നാല്‍ അത് അത്ര സൂക്ഷമായി നിരീക്ഷിച്ചാല്‍ മാത്രം മനസിലാകുന്ന രീതിയിലേക്ക് എത്തിക്കുവാന്‍ രാജമൌലിക്ക് കഴിയുന്നുണ്ട്.

ആദ്യഭാഗം ഇഷ്ടപ്പെട്ടവര്‍ക്ക് തീര്‍ച്ചയായും രണ്ടാം ഭാഗം ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കാം.പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന രംഗങ്ങള്‍ നിരവധിയാണ് .പല രംഗങ്ങളിലും അറിയാതെതന്നെ കയ്യടിച്ചുപോകുന്ന അവസ്ഥയില്‍ പ്രേക്ഷകരെ എത്തിക്കുന്നു.ബാഹുബലി 2 തീര്‍ച്ചയായും നല്ല മികച്ച തീയേറ്ററില്‍ പോയി കാണേണ്ട സിനിമയാണ്. ഒരുപക്ഷെ ടി.വിയില്‍ കണ്ടാല്‍ ഈ സിനിമ പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിഞ്ഞെന്നുവരില്ല .ബാഹുബലി ആദ്യഭാഗം കണ്ടതിനു ശേഷം അമിതപ്രതീക്ഷയോടെ ഈ സിനിമയെ സമീപിക്കുന്നത് ചിലപ്പോള്‍ നിരാശ സമ്മാനിക്കാം.പക്ഷെ രാജമൌലി രണ്ടാം ഭാഗത്തിന് നല്കാവുന്നതിന്റെ പരമാവധി ഈ ചിത്രത്തിലൂടെ നല്‍കുന്നുണ്ട് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല .ഇതിലും മികച്ച ഒരു തിരക്കഥയോ,പിന്തുടര്‍ച്ചയോ ഈ സിനിമയ്ക്ക്‌ നല്‍കുവാന്‍ കഴിയില്ല എന്ന് തന്നെ പറയാം.ഇതൊരു ഗംഭീരസിനിമതന്നെ ,മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും ,സാങ്കേതികവിദ്യയും ഒരുമിക്കുന്ന ബാഹുബലി ഇന്ത്യന്‍ സിനിമയ്ക്ക് ലഭിച്ച ഒരു വിസ്മയചിത്രമാണ് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.ലോകസിനിമയോട് കിടപിടിക്കാന്‍ തക്കമുള്ള സിനിമ ഇന്ത്യക്കും നിര്‍മ്മിക്കാന്‍ കഴിയുമെന്നതിന്റെ സന്ദേശമാണ് ബാഹുബലി.

Rating – 4/5