ഭാരം രണ്ടു ടണ്‍; ലോകത്തിലെ ഏറ്റവും വലിയ പക്ഷിക്കൂട് കാണണോ ?

1

ലോകത്തിലെ ഏറ്റവും വലിയ പക്ഷികൂട് കണ്ടിട്ടുണ്ടോ അതും ഒത്ത രണ്ടു മനുഷ്യര്‍ ഒന്നിനു മുകളില്‍ ഒന്നായി കയറി നിന്നാലുള്ളത്ര ഉയരമുള്ള കൂട്. മരത്തില്‍ കൂടുകൂട്ടുന്ന പക്ഷികളില്‍ ഏറ്റവും വലുതായ ബാള്‍ഡ് ഈഗിന്റെ കൂടാന് ലോകത്തിലെ ഏറ്റവും വലിയ പക്ഷികൂട്. ലോകത്ത് ഏറ്റവും വലിയ കൂടുണ്ടാക്കുന്ന പക്ഷിയെന്ന റെക്കോര്‍ഡും ഇതിനാണ്.

അഞ്ചു കിലോയോളം ഭാരമാണ് ഇത്തരം ഒരു പക്ഷിക്ക്. ചിറകു വിരിച്ചാല്‍ ആറടി മുതല്‍ എട്ടടി വരെയുണ്ടാകും നീളം.കല്ലും കമ്പും തുടങ്ങി കിട്ടുന്നതെല്ലാം ഉപയോഗിച്ചാണ് ബാള്‍ഡ് ഈഗിളുകളുടെ കൂടുനിര്‍മാണം. ഒരു ടണ്‍ വരെയുണ്ടാകും കൂടിന്റെ ഭാരം. 13 അടി വരെയാണ് ശരാശരി ഉയരം. കൂട്ടിന്റെ ഉള്‍വശത്തു മാത്രം എട്ട് അടിയോളം താഴ്ചയുണ്ടാകും. ലോകത്തിലെ ഏറ്റവും വലിയ പക്ഷിക്കൂടെന്ന റെക്കോര്‍ഡ് യുഎസില്‍ ഒഹായോയ്ക്കു സമീപം വെര്‍മീലിയനിലെ ഒരു ബാള്‍ഡ് ഈഗിള്‍ കൂടിനായിരുന്നു. 1890 മുതല്‍ 1925 വരെ അതവിടെയുണ്ടായിരുന്നു. ഒന്‍പതു മീറ്ററായിരുന്നു കൂടിന്റെ വീതി. 20 അടി താഴ്ച. രണ്ടു ടണ്‍ ഭാരവും. 1925ലുണ്ടായ ഒരു കൊടുങ്കാറ്റില്‍പ്പെട്ടു കൂട് തകര്‍ന്നു. പക്ഷേ കൂടിന്റെ ‘ഓര്‍മയ്ക്ക്’ ഇതിന്റെ ഒരു മാതൃക സമീപത്തെ ഹോട്ടലില്‍ നിര്‍മിച്ചിട്ടുണ്ട്.

വടക്കേഅമേരിക്കയിലെ ഗോത്രവര്‍ഗക്കാര്‍ തങ്ങളുടെ വിവിധ ചടങ്ങുകള്‍ക്ക് വിശിഷ്ട വസ്തുവെന്ന നിലയില്‍ ഈ പരുന്തുകളുടെ തൂവല്‍ ഉപയോഗിക്കാറുണ്ട്. ജലാശയങ്ങള്‍ക്കു സമീപം താമസിക്കാനാണ് ഇവയ്ക്കു താത്പര്യം. മാംസം മാത്രമേ കഴിക്കൂ; മീനാണ് ഇഷ്ട ഭക്ഷണം.

മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ 125 അടി വരെ ഉയരത്തിലായിരിക്കും ഇവ  കൂടു നിര്‍മ്മിക്കുന്നത്. അതായത്, ഒരു പത്തു നില കെട്ടിടത്തോളം ഉയരത്തില്‍.  20 വര്‍ഷം വരെ ശരാശരി ആയുര്‍ദൈര്‍ഘ്യമുണ്ടാകും ഇവയ്ക്ക്. എന്നാല്‍ ചിലത് 26 വര്‍ഷം വരെ ജീവിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിടികൂടി വളര്‍ത്തുന്ന ബാള്‍ഡ് ഈഗിളുകള്‍ പക്ഷേ കൂടുതല്‍ കാലം ജീവിച്ചിരുന്നതായാണു റിപ്പോര്‍ട്ടുകള്‍ അത്തരത്തില്‍ ഒരു പരുന്ത് ഉടമയ്‌ക്കൊപ്പം ജീവിച്ചത് 50 വര്‍ഷത്തോളവുമാണ്.

പ്രധാനമായും കുഞ്ഞുങ്ങളെ വേട്ടക്കാരില്‍ നിന്നു രക്ഷിക്കുകയാണ് ബാള്‍ഡ് ഈഗിളിന്റെ വമ്പന്‍ കൂടിന്റെ ദൗത്യം. എന്നിട്ടും ഈ പരുന്തുകളുടെ ജീവിതം ഭീഷണിയിലാണ്. അതിനു കാരണക്കാരാകട്ടെ, നാം മനുഷ്യരും. ഇങ്ങനെയൊക്കെയാണെങ്കിലും 1700-കളില്‍ 50 ലക്ഷത്തോളമുണ്ടായിരുന്ന ബാള്‍ഡ് ഈഗിളുകളുടെ എണ്ണം ഇന്നു വന്‍തോതിലാണു കുറഞ്ഞിരിക്കുന്നത്. അതിനു പ്രധാന കാരണം മനുഷ്യന്‍ തന്നെ. അമേരിക്കയില്‍ 22 ശതമാനം ബാള്‍ഡ് ഈഗിളുകളും വേട്ടക്കാരുടെ വെടിയേറ്റാണു ചാകുന്നത്. കെട്ടിടങ്ങളിലിടിച്ചും വലിച്ചുകെട്ടിയ വയറുകളില്‍ കുരുങ്ങിയും 23% പരുന്തുകള്‍ ചാകുന്നു. 10 ശതമാനത്തിന്റെ ജീവനെടുക്കുന്നത് വൈദ്യുത കമ്പികളാണ്. 11 ശതമാനം വരുന്നവരെ വിഷം വച്ചും കൊലപ്പെടുത്തുന്നു. കീടനാശിനിയായ ഡിഡിടിയുടെ വന്‍തോതിലുള്ള ഉപയോഗവും ഇവയ്ക്കു തിരിച്ചടിയാകുന്നുണ്ട്. പരുന്തുകള്‍ക്ക് കാത്സ്യം ഉല്‍പാദിപ്പിക്കാനുള്ള ശേഷി ഡിഡിടി കുറച്ചു. അങ്ങനെ മുട്ടത്തോടുകള്‍ക്കു ബലം കുറഞ്ഞു. കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങും മുന്‍പേ മുട്ട പൊട്ടി ജീവന്‍ നഷ്ടമാകാന്‍ തുടങ്ങി.