കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കൊച്ചിയിൽനിന്ന് ദുബായിലേക്ക് പറക്കുന്ന കാലം അരികെ .സംഭവം സത്യമാണ് .അതാണ് ‘ബേബി ബൂം’. ലോകത്ത് ഇന്നേവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും വേഗമാർന്ന യാത്രാവിമാനമെന്നാണ് ബേബി ബൂം വിശേഷിപ്പിക്കപ്പെടുന്നത്.
ഏറെക്കാലമായി യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സൂപ്പര്‍സോണിക് പാസഞ്ചര്‍ വിമാനം ഇന്നു രാത്രി ആദ്യമായി അവതരിക്കും. എയറോസ്‌പേസ് കമ്പനിയായ ബൂം നിര്‍മ്മിക്കുന്ന ‘ബേബി ബൂം’ വിമാനങ്ങള്‍ പത്തെണ്ണമാണ് റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ വിര്‍ജിന്‍ എയര്‍ലൈന്‍സ് ഇതിനകം ബുക്ക് ചെയ്തിരിക്കുന്നത്.എക്‌സ് ബി1 സൂപ്പര്‍സോണിക് ഡെമോണ്‍സ്‌ട്രേറ്ററിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ അടുത്തവര്‍ഷം അവസാനം നടക്കും. ലണ്ടനില്‍നിന്ന് യാത്രക്കാരുമായി കുതിക്കുന്ന വിമാനം മൂന്നര മണിക്കൂര്‍ കൊണ്ട് ന്യൂയോര്‍ക്കിലെത്തും.
ഡെന്‍വറിലെ സെന്റിനിയല്‍ എയര്‍പോര്‍ട്ടിലാണ് ഇന്ന് വിമാനം അവതരിപ്പിക്കുന്നത്. ബൂം എയര്‍ലൈനറിന്റെ മൂന്നിലൊന്ന് മാത്രമാണ് എക്‌സ്ബി1ന്റെ വലിപ്പം. 68 അടി നീളവും 17 അടി വിങ്സ്സ്പാനുമുള്ള വിമാനത്തിന് മണിക്കൂറില്‍ 2335 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ നിര്‍മ്മിച്ച ബൂം ജെറ്റുകളില്‍ 10 എണ്ണത്തിനും വിര്‍ജിന്‍ എയര്‍ലൈന്‍സ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 1451 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ കഴിയുന്നതാണ് ഈ ജെറ്റുകള്‍.
ബോയിങ്ങിലു സ്‌പേസ് എക്‌സിലും നാസയിലും ജോലി ചെയ്ത് പരിചയമുള്ള വ്യോമയാന വിദഗ്ധരുടെ സഹായത്തോടെയാണ് ബൂം ജെറ്റ് നിര്‍മ്മിച്ചിട്ടുള്ളത്. ജനറല്‍ ഇലക്ട്രിക് രൂപ കല്‍പന ചെയ്ത എന്‍ജിനുകളാണ് എക്‌സ്ബി1ല്‍ ഉപയോഗിച്ചിട്ടുള്ളത്. നിലവിലുള്ള ജെറ്റുകളെക്കാള്‍ രണ്ടരയിരട്ടിയെങ്കിലും വേഗത്തില്‍ സുരക്ഷിതമായി സഞ്ചരിക്കാനുള്ള മികവോടെയാണ് ബൂം പുതിയ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നത്.