യാത്രക്കാര്‍ക്ക് സമയലാഭം; ആറ് വിമാനത്താവളങ്ങളില്‍ ഹാന്‍ഡ്ബാഗ് ടാഗില്‍ സീല്‍ പതിക്കുന്നത് നിര്‍ത്തുന്നു

0

കൊച്ചിയടക്കമുള്ള ആറ് വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ഹാന്‍ഡ്ബാഗിലെ ടാഗില്‍ സീല്‍ പതിക്കുന്നത് നിര്‍ത്തുന്നുവെന്ന് സി.ഐ.എസ്.എഫ് അറിയിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ ഇതു നിലവില്‍ വരുമെന്നും സി.ഐ.എസ്.എഫ് അറിയിച്ചു.സുരക്ഷാ പരിശോധനയുടെ ഭാഗമായി നടത്തിവന്നിരുന്ന ഈ നടപടികളാണ് ഇപ്പോള്‍ റദ്ദാക്കിയിട്ടുള്ളത് എന്നാല്‍ മറ്റ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കും. സിഐഎസ്എഫ് വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ദില്ലി, മുംബൈ. ഹൈദരാബാദ്, ബെംഗളൂരു, കൊല്‍ക്കത്ത, കൊച്ചി, അഹമ്മദാബാദ് എന്നീ ഏഴ് വിമാനത്താവളങ്ങളിലാണ് സിഐഎസ്എഫിന്റെ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നത്. സുരക്ഷ ഉറപ്പുവരുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പാസഞ്ചര്‍ ഫ്രണ്ട്‌ലി സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമാണിതെന്നും സിഐഎസ്എഫ് ഡയറക്ടര്‍ ചൂണ്ടിക്കാണിക്കുന്നു. സുരക്ഷാ പരിശോധനകള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും സമയനഷ്ടവും സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് ഈ നീക്കമെന്നും സിഐഎസ്എഫ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ബാഗേജ് സ്‌കാന്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള സുരക്ഷാ പരിശോധനകള്‍ പതിവുപോലെ തുടരും.