ഒടുവില്‍ ദുബായ് വിമാനത്താവളത്തിലെ ബാഗേജ് കള്ളൻ പിടിയില്‍

0

യാത്രക്കാരുടെ ലഗേജുകള്‍ മോഷ്ടിച്ച രണ്ട് പേരെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ പിടികൂടി. ലേഗേജുകള്‍ നഷ്ടപ്പെടുന്നുവെന്ന് യാത്രക്കാര്‍ പരാതിപ്പെടാന്‍ തുടങ്ങിയപ്പോള്‍, കള്ളനെ പിടിക്കാനായി ‘ഇല്യൂഷന്‍ തീഫ്’ എന്ന പേരില്‍ പ്രത്യക ഓപ്പറേഷന്‍ കസ്റ്റംസ് നടത്തുകയായിരുന്നു.

വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയാണ് പുരുഷനെയും ഇയാളെ സഹായിക്കുന്ന സ്ത്രീയെയും കയ്യോടെ പിടികൂടിയത്. ഇവരെ ദുബായ് പൊലീസിന് കൈമാറി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും യാത്രക്കാരുടെ ലഗേജുകൾ വലിയ രീതിയിൽ നഷ്ടപ്പെടുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു സ്റ്റിങ് ഓപ്പറേഷൻ. 

പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ തന്നെ അറൈവല്‍ ഹാളില്‍ നിന്ന് ആരോ ലഗേജ് മോഷ്ടിക്കുന്നതാണെന്ന് അധികൃതര്‍ക്ക് വ്യക്തമായിരുന്നു.
തുടര്‍ന്ന് എല്ലാ വിമാനങ്ങളിലും ആ സമയം വന്നിറങ്ങിയ ഇരുപതിനായിരത്തോളം യാത്രക്കാരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഇവരില്‍ നിന്ന് സംശയമുള്ള 10 പേരുടെ പട്ടിക തയ്യാറാക്കി. ഇതില്‍ നിന്നാണ് അറബ് പൗരനായ ഒരാള്‍ ഒപ്പമുള്ള സ്ത്രീയുടെ സഹായത്തോടെ ലഗേജ് മോഷ്ടിക്കുകയാണെന്ന് ഏതാണ്ട് ഉറപ്പിച്ചത്. 

പ്രധാന പ്രതിയെ തിരിച്ചറിഞ്ഞതോടെ ഇയാളുടെ നീക്കങ്ങൾ പഠിച്ചു. കൂടുതൽ വിവരങ്ങൾ സംഘടിപ്പിക്കുകയും എങ്ങോട്ടാണ് യാത്ര ചെയ്യുന്നതെന്നും തുടങ്ങിയ കാര്യങ്ങളും മനസിലാക്കി. ഡിസംബർ 30ന് ഇയാൾ തിരികെ യുഎഇയിൽ എത്തുമെന്ന് കസ്റ്റംസ് അധികൃതർക്ക് മനസിലാവുകയും പ്രതിയെ കയ്യോടെ പിടികൂടാനുള്ള നീക്കങ്ങൾ നടത്തുകയും ചെയ്തു. പ്രതിയായ അറബ് പൗരൻ വിമാനത്താവളത്തിൽ എത്തിയതു മുതൽ സിസിടിവിയിലൂടെയും നേരിട്ടും ഉദ്യോഗസ്ഥർ ഇയാളെ പിന്തുടർന്നു പിടികൂടുകയായിരുന്നു.


കസ്റ്റംസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഇയാൾ ബാഗിലെ തിരിച്ചറിയാനുള്ള സ്റ്റിക്കറുകൾ മാറ്റിയിരുന്നു. അറൈവല്‍ ഹാളിലെ കസേരയുടെ താഴെ മൂന്ന് സ്റ്റിക്കറുകള്‍ ഇയാള്‍ ഉപേക്ഷിച്ചതും കസ്റ്റംസ് ഓഫീസര്‍മാര്‍ കണ്ടെത്തി. ബാഗുകളില്‍ എന്താണുള്ളതെന്ന് ചോദിച്ചപ്പോള്‍ തുണികളാണെന്നായിരുന്നു മറുപടി. എന്നാല്‍ തുറന്ന് പരിശോധിച്ചപ്പോള്‍ പാക്ക് ചെയ്ത സമ്മാന പൊതികളായിരുന്നു ഉണ്ടായിരുന്നത്.

ബാഗിലെ ടാഗുകളില്‍ ഉണ്ടായിരുന്ന പേരും ഇയാളുടെ പാസ്‍പോര്‍ട്ടിലെ പേരും വ്യത്യസ്ഥമാണല്ലോയെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ തന്റെ ഭാര്യയുടെ ബാഗാണിതെന്ന് ഇയാള്‍ ആദ്യം പറഞ്ഞു. പിന്നീട് സുഹൃത്തിന്റെ ബാഗാണെന്ന് തിരുത്തി. ഇതേസമയം ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയേയും  ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇവരുടെ ഷൂസിനുള്ളില്‍ നിന്ന് ലഗേജ് സ്റ്റിക്കര്‍ കണ്ടെത്തി. ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍, ഒപ്പമുണ്ടായിരുന്നയാള്‍ പറഞ്ഞതനുസരിച്ച് താന്‍ ഇങ്ങനെ ചെയ്തതാണെന്നും കസ്റ്റംസ് ടാക്സ് വെട്ടിക്കാനാണെന്നാരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും സ്ത്രീ പറ‍ഞ്ഞു. വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ഇരുവരും ചേര്‍ന്നുള്ള പദ്ധതിപ്രകാരം ലഗേജുകള്‍ മോഷ്ടിക്കുകയായിരുന്നുവെന്ന് സമ്മതിച്ചു. ഇരുവരെയും തുടര്‍നടപടികള്‍ക്കായി ദുബായ് പൊലീസിന് കൈമാറി.