ഇന്ത്യന്‍ സിനിമാലോകത്ത് പുതുചരിത്രം രചിച്ചു മുന്നേറുകയാണ് ബാഹുബലി .എല്ലാം കൊണ്ടും പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രം ദൃശ്യവിസ്മയം കൊണ്ടുമാത്രമല്ല, മൂല്യങ്ങൾ കൊണ്ടും ഉയർന്നതാണ്. ബാഹുബലി 1–ന് നേരെ ഉയർന്ന ഏറ്റവും വലിയ വിമർശനങ്ങളിൽ ഒന്നായിരുന്നു തമന്നയുടെ അവന്തിക എന്ന കഥാപാത്രത്തെ നായകന്‍റെ നിഴലാക്കിയത് .ചിത്രത്തിലെ ഒരു ഗാനരംഗവും ഇതിനു ആക്കം കൂട്ടി .എന്നാല്‍ ബാഹുബലി രണ്ടാം ഭാഗം എത്തുമ്പോള്‍ രാജമൌലി ഈ പേരുദോഷം തിരുത്തിയെഴുതുക തന്നെ ചെയ്തു .സ്ത്രീ വിരുദ്ധതയുടെ അംശം ലവലേശമില്ല എന്നതാണ് ബാഹുബലി 2–നെ ഏറ്റവും സവിശേഷം ആക്കുന്നത് എന്ന് പറയാതെ വയ്യ .
ശിവഗാമി, ദേവസേന ഈ രണ്ടു കഥാപാത്രങ്ങള്‍ ആണ് നായകനൊപ്പം അല്ലെങ്കില്‍ ഒരുപടി മുകളില്‍ നില്‍ക്കുന്നത് .നായകന് എത്രമാത്രം പ്രധാന്യമുണ്ടോ അത്രമാത്രം പ്രധാന്യം തന്നെ ഈ രണ്ടുപേർക്കുമുണ്ട് ചിത്രത്തിൽ. സ്വന്തം വ്യക്തിത്വവും അഭിപ്രായങ്ങളും യാതൊരു മടിയുമില്ലാതെ തുറന്നുപറയാൻ ധൈര്യമുള്ളവരാണ് ശിവഗാമിയും ദേവസേനയും. മഹിഷ്മതിയുടെ ഭാവിരാജ്ഞിക്ക് സൗന്ദര്യം മാത്രമല്ല വ്യക്തിത്വവും വീര്യവും അനിവാര്യമാണെന്ന രാജമാതാവ് ശിവഗാമിയുടെ വാചകങ്ങളിൽ നിന്നു തന്നെ തുടങ്ങുന്നു സിനിമയിലെ നായിക നായകന് ചുറ്റും ഉപഗ്രഹമാകേണ്ടവൾ അല്ല എന്നുള്ളതിനുള്ളിലുള്ള തെളിവുകൾ. എത്ര വീരനാണെന്ന് പറഞ്ഞാലും സ്വന്തം വ്യക്തിത്വം അംഗീകരിച്ചില്ലെങ്കിൽ കൂടെ വരാൻ കൂട്ടാക്കാത്ത ദേവസേനയും മഹിഷ്മതിയുടെ മരുമകൾക്ക് അഹങ്കാരം ഒരു അലങ്കാരമാണെന്ന് പറയുന്ന ശിവഗാമിയും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ തന്നെ .
സിനിമയില്‍ എവിടെയും ഒരു കഥാപാത്രവും സ്ത്രീവിരുദ്ധതയുള്ള ഒരു വാക്ക് പോലും മിണ്ടുന്നില്ല .സ്ത്രീയുടെ ദേഹത്ത് അനുവാദമില്ലാതെ തൊടുന്നവന്റെ വിരൽ അല്ല വെട്ടേണ്ടത് തലയാണെന്ന് നായകൻ അമരേന്ദ്രബാഹുബലി പറയുമ്പോൾ തിയറ്റർ ഒന്നടങ്കമാണ് കൈയടിക്കുന്നത് സ്വാഭാവികം .വില്ലനായ ബൽവാൽ ദേവൻ (റാണ ദഗുബതി) പോലും ഒരു മോശം വാക്ക് ദേവസേനയ്ക്ക് എതിരെ പ്രയോഗിക്കുന്നില്ല .കൊച്ചിയില്‍ നടി അക്രമിക്കപെട്ട സംഭവത്തിനു ശേഷം ഇനിയൊരിക്കലും ഒരു സ്ത്രീവിരുദ്ധസിനിമയുടെ ഭാഗമാകില്ല താന്‍ എന്ന് നടന്‍ പ്രിഥ്വിരാജ് അടുത്തിടെ പറഞ്ഞിരുന്നു .ഇത് ബാഹുബലിയിലൂടെ അക്ഷരാർഥത്തിൽ പ്രഭാസ് പ്രാവർത്തികമാക്കുകയായിരുന്നു.