കൊച്ചി: നടൻ ഷെയ്ന്‍ നിഗമിനെ മലയാള സിനിമയില്‍ തുടർന്ന് അഭിനയിപ്പിക്കില്ലെന്ന് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ യോഗത്തിലാണ് തീരുമാനം. വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാൻ തീരുമാനം. ഇതുവരെ ചെലവായ തുക ഷെയിനിൽ നിന്ന് ഈടാക്കും. രണ്ട് ചിത്രങ്ങൾക്കുമായി ഏഴ് കോടി രൂപയാണ് ചെലവ്. ഈ പണം നൽകാതെ ഷെയിനിനെ ഇനി ഒരു സിനിമയിലും സഹകരിപ്പിക്കില്ലെന്നാണ് തീരുമാനം എന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.
അസോസിയേഷൻ നേതാക്കളായ സിയാദ് കോക്കർ, എം. രഞ്ജിത്ത് തുടങ്ങിയവർ കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഷെയിനിനെ ബഹിഷ്കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. മലയാള സിനിമയിൽ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണ് ഷെയ്നില്‍ നിന്ന് ഉണ്ടായതെന്നും വിലക്കിന്‍റെ കാര്യം അമ്മ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും നിർമ്മാതാക്കൾ കൂട്ടിച്ചേര്‍ത്തു. ഇത്രയും മോശം അനുഭവം മറ്റൊരാളിൽ നിന്നും ഉണ്ടായിട്ടില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടനാ ഭാരവാഹികൾ ആരോപിച്ചു.
വെയ്ൽ, കുർബാനി തുടങ്ങിയ സിനിമികളോട് ഷെയ്ൻ തുടക്കം മുതൽ തന്നെ നിസ്സഹകരിക്കുകയായിരുന്നു. ഒടുവില്‍ ഷെയ്നിന്റെ അമ്മയുമായി ബന്ധപ്പെട്ടു. അമ്മ കാര്യങ്ങള്‍ നിയന്ത്രിച്ചു. എന്നാൽ, നിര്‍മ്മാതാവ് ലൊക്കേഷനില്‍ വരാന്‍ പാടില്ല എന്നായിരുന്നു ഷെയ്നിന്റെ നിലപാട്. അതും ഞങ്ങൾ അംഗീകരിച്ചു. അമ്മ ലൊക്കേഷനിൽ വന്നതുകൊണ്ടാണോ എന്നറിയില്ല. പിറ്റേ ദിവസം ബൈക്കെടുത്ത് ഷെയ്ൻ എങ്ങോട്ടോ പോയി. അന്നു മുതൽ ചിത്രീകരണം നിലച്ചു. പല തവണ ശ്രമിച്ചെങ്കിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല. രണ്ട് ദിവസം ലൊക്കേഷനിൽ മൊത്തം ഷെയ്നിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. അതിനു ശേഷമായിരുന്നു മുടി വെട്ടിക്കൊണ്ട് കോടിക്കണക്കിനാളുകളെ കളിയാക്കി ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
വെയിൽ സിനിമയുടെ സംവിധായകൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ഷെയ്ൻ നിഗം സെറ്റിൽ നിന്നും ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടൊ ഷെയ്ൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പ്രതിഷേധം എന്ന് ഫോട്ടൊയിൽ ടാഗ് ചെയ്തിരുന്നു.
ഷെയ്ൻ നിഗത്തിനെതിരെ വീണ്ടും പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനം. ഉല്ലാസം സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സിനിമയ്ക്ക് കൂടുതൽ പ്രതിഫലം ചോദിച്ചെന്നാണ് പരാതി. 25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാർ ഒപ്പിട്ടതെന്നും എന്നാല്‍ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും നിർമ്മാതാക്കൾ പരാതിയില്‍ വ്യക്തമാക്കുന്നു. ഈ പണം കൂടി തന്നില്ലെങ്കില്‍ ഡബ്ബിംഗിന് എത്തില്ലെന്ന് ഷെയിന്‍ നിഗം അറിയിക്കുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ ആരോപണം ഷെയ്ൻ നിഗം തള്ളി.
നടനും പ്രശസ്ത മിമിക്രി താരവുമായിരുന്ന അബിയുടെ മകനായ ഷെയ്ൻ താന്തോന്നിയില്‍ പൃഥ്വിരാജിന്റെ കുട്ടിക്കാലം അഭിനയിച്ച ബാലതാരമായിട്ടായിരുന്നു ഷെയ്‌നിന്റെ അരങ്ങേറ്റം. ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്താണ് നായകനായ ആദ്യ ചിത്രം. കെയര്‍ ഓഫ് സെയ്രാബാനു, പറവ, ഈട, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയവാണ് ശ്രദ്ധേയമായ മറ്റ് ചിത്രങ്ങൾ. ഷെയ്ൻ അഭിനയിച്ച് തിയ്യറ്ററിൽ എത്തിയ അവസാന ചിത്രം ഓളാണ്.