സെല്‍ഫിയ്ക്കിടയില്‍ സംഭവിക്കുന്ന മരണങ്ങളെ കുറിച്ചു എത്ര കേട്ടാലും ആരും പഠിക്കില്ല. ഇതാ അതിനു മറ്റൊരു ഉദാഹരണം കൂടി. കൂടെയുണ്ടായിരുന്ന സുഹൃത്ത് മരണത്തിന്റെ ആഴത്തിലേക്ക് മുങ്ങിത്താഴുന്നത് അറിയാതെ സെല്‍ഫിക്ക് പോസ് ചെയ്ത് വിദ്യാര്‍ത്ഥികള്‍. തെക്കന്‍ ബെംഗളൂരുവിലെ റാവഗോന്ദ്‌ലു ബെട്ടയിലാണ് സംഭവം. ജയനഗര്‍ നാഷണല്‍ കോളേജിലെ ജി വിശ്വാസ്(17) എന്ന വിദ്യാര്‍ത്ഥിയാണ് മുങ്ങിമരിച്ചത്.
എന്‍സിസിയുടെ ട്രംക്കിംഗ് ക്യാപിനെത്തിയതായിരുന്നു വിശ്വാസ് അടങ്ങിയ സംഘം. കുളത്തില്‍ ഇറങ്ങരുതെന്ന ബോര്‍ഡ് ഉണ്ടായിരുന്നുവെങ്കിലും അത് അവഗണിച്ചാണ് കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുളത്തില്‍ നീന്തുന്നതിനിടെ കൂട്ടുകാര്‍ ചേര്‍ന്ന് സെല്‍ഫി എടുക്കുന്ന തിരക്കിലായി. എന്നാല്‍ പിന്നില്‍ വിശ്വാസ് മുങ്ങിത്താഴുന്നത് കൂട്ടുകാര്‍ കണ്ടില്ല. നീന്തല്‍ കഴിഞ്ഞ് കരയ്ക്ക് കയറിയപ്പോഴാണ് വിശ്വാസ് കൂട്ടത്തിലില്ലെന്ന് തങ്ങള്‍ അറിഞ്ഞതെന്ന് സുഹൃത്തുകള്‍ പറയുന്നു. തുടര്‍ന്ന് സെല്‍ഫി ചിത്രങ്ങളും വീഡിയോയും പരിശോധിച്ചപ്പോഴാണ് സെല്‍ഫിയുടെ പശ്ചാത്തലത്തില്‍ വിശ്വാസ് മുങ്ങിപ്പോവുന്നതായി കണ്ടത്. വിദ്യാര്‍ഥി സംഘം വിവരമറിയിച്ചതിനെ തുടര്‍ന്ന് ആധ്യാപകരും മറ്റും സ്ഥലത്തെത്തി പരിശോധന നടത്തുകയും മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. വിശ്വാസിന് നീന്തല്‍ അറിയില്ലെന്നത് കൂട്ടുകാര്‍ക്ക് അറിയില്ലായിരുന്നു എന്നും പറയപ്പെടുന്നു.