ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

0

ധാക്ക: രാഷ്ട്രീയ അധികാരം ദുരുപയോഗം ചെയ്ത് അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്നാരോപിച്ച് പുറത്താക്കപ്പെട്ട ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബം​ഗ്ലാ​ദേശ് കോടതി. ഷെയ്ഖ് ഹസീനയുടെ സഹോദരി ഷെയ്ഖ് റെഹാന, ബ്രിട്ടീഷ് എംപി തുലിപ് റിസ്വാന സിദ്ദിഖ്, തുടങ്ങി മറ്റ് 50 പേർക്കെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

അഴിമതി വിരുദ്ധ കമ്മീഷൻ (എസിസി) സമർപ്പിച്ച മൂന്ന് വ്യത്യസ്ത കുറ്റപത്രങ്ങൾ പരിഗണിച്ച ശേഷമാണ് ധാക്ക മെട്രോപൊളിറ്റൻ സീനിയർ സ്‌പെഷ്യൽ ജഡ്ജി സാക്കിർ ഹൊസൈൻ അറസ്റ്റ് വാറണ്ടിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഭൂവിതരണത്തിലെ അഴിമതി ആരോപണത്തിൽ മൂന്ന് വ്യത്യസ്ത കേസുകളിലായി 53 പേർക്കെതിരെ എസിസി അടുത്തിടെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ള 53 പ്രതികളും ഒളിവിലായതിനാലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഏപ്രിൽ പത്തിന് മറ്റൊരു അഴിമതി കേസിൽ ഷെയ്ഖ് ഹസീനയ്ക്കും മകൾ സൈമ വാസദ് പുട്ടുലിനും മറ്റ് 17 പേർക്കുമെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിൽ അഴിമതി കേസ് കൂടാതെ കൂട്ടക്കൊലകൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങി നിരവധി കുറ്റങ്ങളും ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്.

16 വർഷം നീണ്ടുനിന്ന ഷെയ്ഖ് ഹസീനയുടെ ഭരണകൂടം കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള അക്രമാസക്തമായ ജനകീയ പ്രക്ഷോഭത്തിലാണ് അട്ടിമറിക്കപ്പെട്ടത്. അതിനുശേഷം, 77 കാരിയായ ഷെയ്ഖ് ഹസീന ഇന്ത്യയിലാണ് താമസിക്കുന്നത്.