അനാഥാലയത്തിലെ ഈ മക്കളെ വേനലവധിയ്ക്ക് നിങ്ങളുടെ അതിഥികളാക്കാമോ??

0

കാലം എത്രമാറിയാലും, എത്ര അവധി വന്നാലും ചില മതിൽക്കെട്ടിനപ്പുറത്തേക്ക് ലോകം കാണാൻ പറ്റാത്ത ചില കുരുന്നുകളുണ്ട്. ജനിച്ച് ദിവസങ്ങൾക്കകം പലയിടത്തായി ഉപേക്ഷിക്കപ്പെട്ട ബാല്യത്തിന്റെ ഉടമകളായവർ. ആർക്കും വേണ്ടാതെ സഞ്ചിയിലും തുണിപ്പൊതികളിലും ചുരുട്ടി ആരൊക്കെയോ ഉപേക്ഷിച്ച ജീവിതങ്ങൾ. അനാഥാലയത്തിന്റെ പടിക്കെട്ടിനകത്ത് അവരെല്ലാം സമന്മാരാണ്. നമ്മുടെ കുട്ടികൾ  കാത്തിരിക്കുന്ന വേനലവധി ഒരുപക്ഷേ അവരെ സംബന്ധിച്ചടുത്തോളം വേദനയുടെ അവധിക്കാലമാവും… സ്ക്കൂളിലെക്കുള്ള ഏക യാത്ര നിലച്ച് ആ മതിൽക്കെട്ടിനകത്ത് കഴിയേണ്ട മടുപ്പിക്കുന്ന കാലം. ആ അവസ്ഥയിൽ നിന്ന് അവർക്ക് ഒരു മോചനം ലഭ്യമാണ്, നിങ്ങൾ വിചാരിച്ചാൽ !!ഒരു കുട്ടിയെയെങ്കിലും നമ്മുടെ മക്കളനുഭവിക്കുന്ന അവധിക്കാലം ഒന്ന് ‘അനുഭവിപ്പിക്കാൻ’ കഴിയും നിങ്ങൾക്ക്. ആ ബാല്യങ്ങളെ വേനലവധിക്കാലത്ത് നിങ്ങളുടെ വീട്ടിൽ കൊണ്ട് വന്ന് താമസിപ്പിക്കാൻ  കോഴിക്കോട് കളക്ടർ നിങ്ങളെ സഹായിക്കും.

ഇത്തരം സന്തോഷം  ആ മക്കളുമായി പങ്കുവയ്ക്കാന്‍ ഹൃദയത്തില്‍ ഇടമുള്ളവര്‍ക്ക് [email protected] എന്ന ഇമെയിലിൽ വിലാസത്തിലോ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം.
ജില്ലാ ഭരണകൂടവും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താത്പര്യമുള്ളവർക്ക് 0495 2378920 എന്ന നമ്പറിൽ വിളിക്കാം.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തയ്യാറാക്കുന്ന കുടുബ പശ്ചാത്തല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അനുയോജ്യമായ കുടുംബങ്ങളെ തിരഞ്ഞെടുക്കുക.
കളക്ടറുടെ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം

വേനലവധിക്കാലം എല്ലാ കുട്ടികളും കാത്തിരിക്കുന്ന ഒന്നാണ്. കുടുംബാംഗങ്ങൾക്കൊപ്പവും കുട്ടുകാർക്കൊപ്പവും ഒത്തിരി കളിചിരികളും കുസൃതികളുമായി ചിലവിടുന്ന കാലം. എന്നാൽ ഇത്രയേറെ സൗഭാഗ്യം ലഭിക്കാത്ത ചില മക്കളുമുണ്ട് നമ്മുടെ ജില്ലയിൽ. നമ്മുടെ ചിൽഡ്രൻസ് ഹോമിലെയും മറ്റും കുട്ടികൾ. തങ്ങളുടേതല്ലാത്ത പല വിധ കാരണങ്ങളാൽ സ്വന്തം വീട്ടിൽ അഭയം നഷ്ടപ്പെട്ടവർ… രക്ഷിതാക്കളുടേയും കുടുംബാംഗങ്ങളുടേയും സ്നേഹവും ലാളനയും പരിഗണനയും വേണ്ട രീതിയിൽ ലഭിക്കാത്തവർ. ഇത്തരത്തിലുള്ള നമ്മളുടെ കുട്ടികളെ ഈ അവധിക്കാലത്ത് കുറച്ച് ദിവസമെങ്കിലും തങ്ങളുടെ വീടുകളിൽ അതിഥികളായി സ്വീകരിക്കാൻ തയ്യാറുള്ള കോഴിക്കോട് ജില്ലയിലെ സ്ഥിരതാമസക്കാരെ തേടിയാണ് ഈ പോസ്റ്റ്.
നിങ്ങളുടെ കുടുംബത്തോട് കൂടെയുള്ള ചെറിയൊരു കാലം അവരുടെ ജീവിതം തന്നെ മാറ്റിയേക്കാം.

കുട്ടികളെ വേനലവധിക്കാലത്ത് ഏറ്റെടുത്ത് അവർക്ക് വേണ്ട പരിഗണന നൽകി അവരെ സംരക്ഷിക്കാൻ താത്പര്യമുള്ള കുടുംബങ്ങൾക്ക് [email protected] എന്ന ഇമെയിലിൽ വിലാസത്തിലോ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം.

ജില്ലാ ഭരണകൂടവും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താത്പര്യമുള്ളവർക്ക് 04952378920 എന്ന നമ്പറിൽ വിളിക്കാം.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തയ്യാറാക്കുന്ന കുടുബ പശ്ചാത്തല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അനുയോജ്യമായ കുടുംബങ്ങളെ തിരഞ്ഞെടുക്കുക.