മുംബൈ: ബിഹാർ സ്വദേശിയായ യുവതിയെ വിവാഹവാഗ്‍ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനയ്ക്കായി രക്തസാംപിൾ നൽകി. മുംബൈ ബൈക്കുള ജെ ജെ ആശുപത്രിയിലാണ് രക്തം നല്‍കിയത്. ഡി എന്‍ എ പരിശോധനാ ഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ നല്‍കുമെന്ന് പോലീസ് അറിയിച്ചു. രക്തസാംപിൾ കലീനയിലെ ഫൊറൻസിക് ലാബിലേക്ക് അയച്ചു.
ജൂഹുവിലെ കൂപ്പർ ആശുപത്രിയിലെത്താൻ ആദ്യം ആവശ്യപ്പെട്ട പൊലീസ് പിന്നീട് അസൗകര്യം ചൂണ്ടിക്കാട്ടി ബൈക്കുളയിലെ ജെ ജെ ആശുപത്രിയിൽ എത്താൻ നിർദേശിക്കുകയായിരുന്നു. രാവിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ബിനോയ് ഹാജരായിരുന്നു. ഓഷ്‌വാര പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും ബിനോയിയോടൊപ്പം ഒപ്പമുണ്ടായിരുന്നു. പരാതിക്കാരിയുടെയും കുട്ടിയുടെയും രക്തസാമ്പിളുകളും ഇനി പരിശോധനയ്ക്കായി ശേഖരിക്കും.
രക്തസാമ്പിളുകളുടെ ഫലം വന്നതിനു ശേഷമാകും പരാതിക്കാരി നല്‍കിയ കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ബിനോയുടെ ഹര്‍ജിയില്‍ കോടതി വിധി പ്രസ്താവിക്കുക. വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്‌തെന്നാണ് ബിഹാര്‍ സ്വദേശിനി ബിനോയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.