വിമാനയാത്രക്ക് പോകുമ്പോള്‍ ഇനി പാസ്പോര്‍ട്ടും , മറ്റു തിരിച്ചറിയൽ രേഖകളോ കൈയ്യില്‍ കരുതേണ്ട .കാരണം രാജ്യത്തെ വിമാന യാത്ര ഇനി ബയോമെട്രിക് സംവിധാനത്തിന്റെ സഹായത്തോടെ ആയിരിക്കും .അതായത് എയർപോർട്ടിൽ പ്രവേശിക്കുന്നതിനും വിമാനയാത്രയ്ക്കും തിരിച്ചറിയൽ രേഖകൾ കാണിക്കേണ്ടതില്ല.
വിമാനത്താവളത്തിലെ ബയോമെട്രിക് സംവിധാനത്തില്‍ വിരലടയാളം പതിപ്പിക്കുന്നതോടെ യാത്ര ചെയ്യേണ്ട വിമാനത്തിന്റെ വിവരങ്ങളും ടിക്കറ്റ് വിശദാംശങ്ങളും പാസ്‍പോര്‍ട്ടും അടക്കമുള്ളവയുടെ വിവരങ്ങളും അധികൃതര്‍ക്ക് അനായാസം ലഭിക്കും.ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്നാണ് ഇതിന്റെ പരീക്ഷണത്തിന്റെ ആദ്യഘട്ടം. ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ ഉപയോഗിച്ചുള്ള വിമാനയാത്രയുടെ പരീക്ഷണത്തിന്റെ പൈലറ്റ് പ്രോജക്ട് ഇതിനോടകം വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു കഴിഞ്ഞു.
ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. നിലവില്‍ നൂറു കോടി ആധാര്‍ കാര്‍ഡുകളാണ് സര്‍ക്കാര്‍ വിതരണം ചെയ്തിരിക്കുന്നത്. ആധാറിലൂടെ ഓരോരുത്തരുടെയും ബയോമെട്രിക്, വിരലടയാളം, ഐറിസ് സ്കാന്‍ തുടങ്ങിയ നിരവധി വിവരങ്ങളാണ് ദേശീയ ഡിജിറ്റല്‍ രജിസ്ട്രിയിലേക്ക് എത്തുന്നത്. ആധാറിനെ പാസ്‍പോര്‍ട്ടുമായി ബന്ധിപ്പിക്കുകയും വിമാനടിക്കറ്റ് എടുക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ നല്‍കുകയും ചെയ്താല്‍ നിങ്ങളുടെ വിമാനയാത്രയും ഡിജിറ്റലാക്കാമെന്നാണ് വ്യോമയാന അധികൃതര്‍ പറയുന്നത്.