സൗദി തീരത്ത് ഇറാന്‍ ഓയില്‍ ടാങ്കറില്‍ സ്‌ഫോടനം

0

ജിദ്ദ: ജിദ്ദ തുറമുഖത്തിന് സമീപം ഇറാന്റെ എണ്ണ ടാങ്കറില്‍ സ്‌ഫോടനം. ചെങ്കടലിലൂടെ പോകുകയായിരുന്ന ടാങ്കറിലാണ് സ്‌ഫോടനമുണ്ടായത്. തീവ്രവാദി ആക്രമണമാണ് സ്‌ഫോടന കാരണമെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിലെ ഔദ്യോഗിക ഓയില്‍ ടാങ്കറിലാണ് സ്‌ഫോടനമുണ്ടായത്. ഇതേ തുടര്‍ന്ന് എണ്ണ ചെങ്കടലിലേക്ക് ചോര്‍ന്നൊഴുകി. ഇറാന്റെ ദേശീയ എണ്ണക്കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. സ്ഫോടനത്തില്‍ കപ്പലിന് കനത്ത നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

സൗദിയിലെ തുറമുഖ നഗരമായ ജിദ്ദയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ചെങ്കലില്‍ വെച്ചാണ് സ്ഫോടനമുണ്ടായതെന്ന് ഇറാനിയന്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തില്‍ തകര്‍ന്ന ടാങ്കറിലെ ജീവനക്കാര്‍ സുരക്ഷിതമാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള നൗര്‍ ഏജന്‍സി അറിയിച്ചു. മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ഈ സംഭവം.

കഴിഞ്ഞ കുറെ മാസങ്ങളായി ഹോര്‍മുസില്‍ പരമ്പരയായി നടന്ന ഓയില്‍ ടാങ്കര്‍ ആക്രമണങ്ങളുടെ ഉത്തരവാദി ഇറാനാണെന്ന് യു.എസ് ആരോപിച്ചതിനു പിന്നാലെയാണ് സൗദി തീരത്ത് ഉണ്ടായ ഇറാന്‍ ഓയില്‍ ടാങ്കറിന്റെ സ്‌ഫോടനം.

സെപ്റ്റംബറില്‍ സൗദി എണ്ണ ഉത്പാദന കേന്ദ്രത്തില്‍ നടന്ന ആക്രമണത്തില്‍ യെമനിലെ ഹൂതി വിമതര്‍ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും ഇറാനാണ് ആക്രമണം നടത്തിയതെന്ന് സൗദിയും യു.എസും ആരോപിച്ചിരുന്നു.