കൊളംബോ: ഈസ്റ്റർ ആഘോഷത്തിനിടെ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളില്‍ സ്‌ഫോടനം. 160ലേറെ പേർ മരിച്ചതായും മുന്നൂറിലധികം പേർക്ക് പരിക്കേറ്റതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രദേശിക സമയം 8.45 ഓടെയാണ് സ്‌ഫോടനം നടന്നത്.
ഈ സമയം പള്ളികളിലെല്ലാം ഈസ്റ്റര്‍ ദിന പ്രാര്‍ഥനകള്‍ നടക്കുകയായിരുന്നുവെന്ന് ശ്രീലങ്കന്‍ പോലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നീ ഹോട്ടലുകളിലുമാണ് ഫോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടല്‍ സിന്നമണ്‍ ഗ്രാന്‍ഡ്.
രണ്ട് പള്ളികളിൽ നിരവധി തവണ സ്ഫോടനം നടന്നതായി പോലീസ് അറിയിച്ചു. പരുക്കേറ്റ വിദേശികൾ ഉൾപ്പെടെയുള്ളവരെ കൊളംബോ നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദേശ ടൂറിസ്റ്റുകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മരണ സംഖ്യ സംബന്ധിച്ച് വിവരങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല. അക്രമികളെ പിടികൂടാൻ പൊലീസ് തിരച്ചിൽ ശക്തമാക്കി.