വിമാനത്തില്‍ സഞ്ചരിച്ചിട്ടുള്ളവര്‍ക്ക് പൊതുവായി അറിയാവുന്ന കാര്യമാണ് ബോര്‍ഡിംഗ് പാസിന്റെ ഉപയോഗം ..വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്ത് കഴിയുമ്പോള്‍ നമുക്ക് ലഭിക്കുന്ന ബോര്‍ഡിംഗ് പാസ്സ് ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് വിമാനത്തിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയൂ. യാത്രക്കാരനെ കുറിച്ചും ഫ്ലൈറ്റ് നമ്പറിനെ കുറിച്ചും യാത്രാ ഷെഡ്യൂളിനെ കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ ആണ് ബോര്‍ഡിംഗ് പാസ്സില്‍ ഉള്ളത്.എന്നാല്‍ യാത്ര കഴിഞ്ഞാല്‍ ഈ പാസ് അലക്ഷ്യമായി ഉപേക്ഷിക്കാത്തവര്‍ എത്ര പേരുണ്ടാകും .മിക്കവരും ബോര്‍ഡിംഗ് പാസ്സ് ഏതെങ്കിലും ഡസ്റ്റു ബിന്നില്‍ കളയുകയോ,വഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്യും .എന്നാല്‍ ബോര്‍ഡിംഗ് പാസ്സ് ഉപേക്ഷിക്കുന്നതും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും സുരക്ഷിതം അല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത് .
കാരണം ഉപയോഗശൂന്യം എന്ന് കരുതി ഉപേക്ഷിക്കുന്ന ബോര്‍ഡിംഗ് പാസ്സില്‍ യാത്രക്കാരെ സംബന്ധിച്ച വിലപെട്ട രേഖകള്‍ ഉണ്ടെന്ന കാര്യം മിക്കവര്‍ക്കും അറിയില്ല .അതുപോലെ തന്നെ വിമാനയാത്രയ്ക്ക് മുന്പ് മിക്കവരുടെയും ശീലമാണ് തങ്ങൾക്കു ലഭിച്ചിരിക്കുന്ന ബോർഡിംഗ് പാസ്സിന്റെ ചിത്രം ഫേസ്ബുക്കിലോ മറ്റു സാമൂഹിക മാധ്യമങ്ങളിലോ പോസ്റ്റ് ചെയ്യുന്നത്.ഇതും ആവശ്യമില്ലാത്ത തലവേദന ക്ഷണിച്ചു വരുത്തല്‍ ആണെന്ന് ആരും അറിയുന്നില്ല . നമ്മള്‍ ഉപേക്ഷിക്കുന്നത് കേവലം ബോര്‍ഡിംഗ് പാസ്സല്ല മറിച്ച് നമ്മളെ കുറിച്ചുള്ള സകല വിവരങ്ങളും ആണെന്നാണ് വിദഗ്ദര്‍ പറയുന്നത്. നമ്മള്‍ ഉപയോഗിച്ച ബോര്‍ഡിംഗ് പാസ്സിലെ ബാര്‍കോഡ് സ്കാന്‍ ചെയ്‌താല്‍ നമ്മളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകുന്ന ലളിതമായ ആപ്ലിക്കേഷന്‍ മിക്ക മൊബൈലുകളിലും ഇന്ന് ലഭ്യമാണ്.
ഈ വിവരങ്ങള്‍ ഉപയോഗിച്ച് വിദഗ്ദനായ ഒരാള്‍ക്ക് നിങ്ങളുടെ ഹോം അഡ്രസ്സ്, പേഴ്സണല്‍ ഫോണ്‍ നമ്പര്‍, ഇ മെയില്‍ അഡ്രസ്സ്, നിങ്ങളുടെ യാത്രാവിവരങ്ങള്‍ തുടങ്ങി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റയില്‍സ് വരെ കണ്ടുപിടിക്കാന്‍ സാധിക്കും എന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത് .