കല്യാണം കഴിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ വിവാഹമോചനം തേടി വധു

1

കുവൈറ്റ് സിറ്റി: വിവാഹ കരാറില്‍ ഒപ്പുവെച്ച് മൂന്ന് മിനിറ്റിനകം വിവാഹമോചനം തേടി വധു. നിയമപ്രകാരം കോടതിയില്‍ വെച്ച് വിവാഹ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ഭര്‍ത്താവിനൊപ്പം തിരിച്ച് നടക്കവെ തന്നെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാണ്ടിയാണ് അപ്പോള്‍ തന്നെ വധു വിവാഹമോചന അപേക്ഷയും നല്‍കിയത്. വിവാഹ രജിസ്‌ട്രേഷൻ കഴിഞ്ഞ് വരനൊപ്പം കോടതിയിൽ നിന്നും പുറത്തിറങ്ങും വഴി വധുവിന്റെ കാല്‍ വഴുതി. ഇത് കണ്ട് വരന്‍ പരിഹസിക്കുകയും ‘മന്ദബുദ്ധി’യെന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തുവെന്ന് പരാതിപ്പെട്ടാണ് വധു വിവാഹമോചനം തേടിയത്. മോശമായ പദപ്രയോഗങ്ങള്‍ കൊണ്ടുള്ള അപമാനം സഹിക്കാനാവാതെ വധു അപ്പോള്‍ തന്നെ തിരികെ കോടതിയിലേക്ക് കയറിപ്പോയി വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്ത ജഡ്ജി അപേക്ഷ അംഗീകരിച്ച് ഉടന്‍ തന്നെ വിവാഹമോചനവും അനുവദിച്ചു.
കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുവൈറ്റിലെ നവമാധ്യമങ്ങളിലാകെ ഈ വിവാഹ മോചനത്തെ കുറിച്ചുള്ള ചൂടൻ ചർച്ചകളാണ് അരങ്ങേറുന്നത്. ജീവിതം ആരംഭിക്കുന്നതിനു മുൻപേ പങ്കാളിയുടെ പെരുമാറ്റം ഈ രീതിയിലായതു കൊണ്ട് ആദ്യമേ ബന്ധം ഒഴിവായത് നന്നായി എന്ന തരത്തിലാണ് പലരും പ്രതികരിക്കുന്നത്.