നടൻ കലാഭവൻ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭമായ “ബ്രദേഴ്സ് ഡേ” തിയേറ്ററുകളിൽ എത്തി. കുടുംബരംഗങ്ങളും ആക്ഷനും കച്ചവടചേരുവകളുമായി മികച്ച തിരക്കഥയൊരുക്കി, സംവിധായകന്റെ കുപ്പായം തനിക്കിണങ്ങുമെന്നു ഷാജോൺ തെളിയിക്കുന്നു. കോട്ടും സൂട്ടുമില്ലാതെ, മസിലുപിടുത്തമില്ലാതെ നമ്മുടെ അയലത്തെ പയ്യനായി മാറാൻ പൃഥ്വിരാജിന് കഴിഞ്ഞു. എന്നിരിക്കിലും ആക്ഷൻ രംഗങ്ങളിൽ പൃഥ്വിക്കു മാസ്സ് പരിവേഷമാണ് സംവിധായകൻ കൊടുത്തിട്ടുള്ളത്.

ചില സമയങ്ങളിൽ പാളിപ്പോകുന്നുണ്ടെങ്കിലും ധർമജൻ ബോൾഗാട്ടിയുമായുള്ള കൂട്ടുകെട്ട് ചിത്രത്തിന് നന്നായി ഗുണം ചെയ്യുന്നുണ്ട്; പല സമയങ്ങളിലും തമാശരംഗങ്ങളിൽ പൃഥ്വി ധർമ്മജനേക്കാൾ മുന്നിട്ടു നിൽക്കുന്നതായി തോന്നിപ്പോകുന്നു.

ആദ്യപകുതിയിൽ തമാശകളുമായി മുന്നോട്ടു പോകുന്ന ചിത്രം, പകുതിയോടെ ഗൗരവസ്വഭാവം കൈവരിക്കുന്നതു കാണാം. തമാശ വഴങ്ങില്ലെന്ന സ്ഥിരംപരാതി ഇനി വരാത്ത വിധം രംഗങ്ങൾ പൃഥ്വി കൈകാര്യം ചെയ്തിട്ടുണ്ട്. അച്ഛൻ-മകൾ, സഹോദരൻ -സഹോദരി ബന്ധങ്ങളും, ശരാശരി കുടുംബത്തിലെ രംഗങ്ങളും ചിത്രത്തിന് മാറ്റ് കൂട്ടുന്നു.

ഒരു വിധം ഊഹിക്കാൻ പറ്റുന്ന എൻഡിങ് ആണെങ്കിലും, തുടർച്ചയായി അവതരിപ്പിച്ച “ട്വിസ്റ്റുകൾ” പ്രേക്ഷകരെ പിടിച്ചിരുത്താൻ പാകത്തിലുള്ളതാണ്. പ്രസന്നയുടെ കഥാപാത്രത്തെ ആദ്യം തന്നെ അവതരിപ്പിച്ചെങ്കിൽകൂടി, മികച്ച പാത്രസൃഷ്ടിയും അവതരണവും ചിത്രം മുഴുവൻ കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു.

ഒരളവു വരെ ഒരു പോലെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ, മിയ, മഡോണ എന്നീ നായികമാരെ അവതരിപ്പിച്ചിരിക്കുന്നത്. എന്നിരിക്കിലും, “പെങ്ങൾ” കഥാപാത്രത്തെ ഐശ്വര്യ ലക്ഷ്മി മികവുറ്റതാക്കി. വലിയൊരു താരനിരയില്ലെങ്കിൽ കൂടി, വിജയരാഘവൻ, കോട്ടയം നസീർ ഉൾപ്പെടെ മിക്ക കഥാപാത്രങ്ങളും ചിത്രത്തിനു മാറ്റു കൂട്ടി.

മികച്ച കാമറയും, മോശമില്ലാത്താത്ത ഗാനങ്ങളും ചിത്രത്തെ നന്നായി സപ്പോർട്ട് ചെയ്യുന്നുണ്ട്; പിറന്നാൾ രാത്രിയിലെ നൃത്തരംഗങ്ങളിലെ വസ്ത്രാലങ്കാരം, ചെറുതായി കല്ലുകടി അറിയിച്ചു. ആക്ഷൻ രംഗങ്ങൾ വളരെ മികവുറ്റതായിരുന്നു.

റേറ്റിംഗ് പ്രേക്ഷകർ തന്നെ ഇടട്ടെ; ഇച്ചിരി സമയക്കൂടുതൽ ഒഴിച്ചാൽ, എല്ലാം കൊണ്ടും ഒരു നല്ല ചിത്രം.