ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ രാജ്യതലസ്ഥാനത്ത് വീണ്ടും സംഘര്‍ഷം. ഡൽഹി ഗേറ്റിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തിചാർജ് നടത്തി. പൊലീസിനു നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്കുനേരെ ജല പീരങ്കി പ്രയോഗിക്കുകയും ചെയ്തു. ഡൽഹി ജുമാ മസ്ജിദിൽനിന്നാണു പ്രതിഷേധം ആരംഭിച്ചത്.
വിഷയത്തിൽ ക്രിയാത്മക ചർച്ചയ്ക്കു തയാറെന്നു കേന്ദ്ര സർക്കാർ അറിയിച്ചു. അതിനിടെ, മംഗളൂരുവിൽ പൊലീസ് കസ്റ്റഡിയില്‍ എടുത്ത മലയാളികളായ മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചു. പ്രതിഷേധത്തിനിടെയുണ്ടായ വെടിവയ്പ്പിൽ മംഗളൂരുവിൽ രണ്ടു പേരും ലക്നൗവിൽ ഒരാളും കൊല്ലപ്പെട്ടു. ഞായറാഴ്ച അര്‍ധരാത്രി വരെ മംഗളൂരുവിൽ കര്‍ഫ്യു പ്രഖ്യാപിച്ചു.
തിരക്കേറിയ രാജീവ് ചൗക്ക്, പ്രഗതി മൈതാന്‍, ഖാന്‍ മാര്‍ക്കറ്റ് സ്റ്റേഷനുകള്‍ അടക്കമുള്ളവയാണ് അടച്ചത്. ലക്നൗ ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ 14 ജില്ലകളിലും മംഗളൂരു ഉൾപ്പെടെ ദക്ഷിണ കന്നട ജില്ലകളിലും ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തി.
ഡല്‍ഹി ജമാ മസ്ജിദിന് മുന്നില്‍നിന്ന് ഉച്ചയോടെ തുടങ്ങിയ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത മാര്‍ച്ചാണ് വൈകീട്ടോടെ അക്രമാസക്തമായത്. ഡല്‍ഹി ഗേറ്റിന് സമീപം പോലീസ് മാര്‍ച്ച് തടഞ്ഞിരുന്നു. ജന്തര്‍ മന്ദറിലേക്കാണ് പ്രക്ഷോഭകര്‍ മാര്‍ച്ച് നടത്തിയത്. എന്നാല്‍ ആരും ജന്തര്‍ മന്ദിറില്‍ എത്തരുതെന്ന നിലപാടാണ് പോലീസ്സ്വീകരിച്ചത്. ജന്തര്‍ മന്ദറിലേക്കുള്ള എല്ലാ റോഡുകളും ഉച്ചയ്ക്കുതന്നെ പോലീസ് അടച്ചിരുന്നു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലാണ് ഡല്‍ഹി ജമാ മസ്ജിദിന് മുന്നില്‍നിന്ന് ആയിരങ്ങള്‍ അണിനിരന്ന മാര്‍ച്ച് തുടങ്ങിയത്.
മംഗളൂരു ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നൽകി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം.