കാബിൻ പ്രഷർ നഷ്ടപ്പെട്ടതിനെ തുടർന്ന് ഓസ്‌ട്രേലിയയിലെ പെർത്തിൽ നിന്നും ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പുറപ്പെട്ട എയർ ഏഷ്യ വിമാനത്തിലെ യാത്രക്കാര്‍ മരണത്തെ മുഖാമുഖം കണ്ടു. ഒടുവില്‍ വിമാനം വെസ്റ്റേൺ ഓസ്‌ട്രേലിയൻ ബേസിലേക്ക് തിരിച്ച് വിട്ട് അടിയന്തിരമായി നിലത്തിറക്കി.
ടേക്ക് ഓഫ് ചെയ്ത് വെറും 25 മിനുറ്റുകൾക്ക് ശേഷമാണ് ഫ്‌ലൈറ്റ് ക്യുഇസഡ്535 നിലത്തിറക്കേണ്ടി വന്നത്. പറക്കുന്നതിനിടെ കാബിൻ പ്രഷർ നഷ്ടപ്പെട്ട വിമാനം ഒറ്റയടിക്ക് 32,000 അടി താഴോട്ട് പോന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തി. ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് യാതൊരു പ്രശ്നങ്ങളുമില്ലാതെയായിരുന്നു യാത്രയുടെ തുടക്കം. രാവിലെ 11.35ഓടെ എയർ ഏഷ്യയുടെ ആ ക്യുസെഡ് 535 ഫ്ലൈറ്റ് പറന്നുയർന്നു. പക്ഷേ മുന്നേമുക്കാൽ മണിക്കൂർ വരുന്ന യാത്രയിൽ അരമണിക്കൂർ തികയും മുൻപ് ആകാശത്തു വച്ചുണ്ടായത് തികച്ചും അപ്രതീക്ഷിത സംഭവങ്ങൾ. യാത്രക്കാരും സ്റ്റാഫംഗങ്ങളും നിലവിളിയോടെയാണ് അതിനെ നേരിട്ടത്.സ്വാഭാവികമായും യാത്രക്കാരുടെ മുന്നിലേക്ക് ഓക്സിജൻ മാസ്കുകൾ വന്നുവീണു. എന്താണ് സംഭവിക്കുന്നതെന്നറിയാൻ 145 യാത്രക്കാരും ചുറ്റിലും നോക്കിയപ്പോൾ സ്റ്റാഫ് അംഗങ്ങൾ എന്തൊക്കെയോ ഭീതിയോടെ വിളിച്ചു പറയുന്നു.അൽപം ആശ്വാസത്തിനു വേണ്ടി അവരെ നോക്കിയ യാത്രക്കാരുടെ ഭയം പക്ഷേ ഇരട്ടിക്കുകയായിരുന്നു. വിമാനം തകരാൻ പോകുന്ന വിധമായിരുന്നു സ്റ്റാഫിന്റെ മറുപടികൾ. പലരുടെയും കണ്ണുകളിൽ ഭീതി നിറഞ്ഞിരുന്നു. ഞെട്ടി അലറി വിളിക്കുകയായിരുന്നു അവർ. യാത്രക്കാരെ ആശ്വസിപ്പിക്കുന്നതിനു പകരം ഇത്തരത്തിൽ അവരുടെ ഭയം കൂട്ടിയതിന് പിന്നീട് വ്യാപകവിമർശനവും എയർ ഹോസ്റ്റസുമാർ ഉൾപ്പെടെയുള്ളവർക്കു നേരെയുണ്ടായി. അവരുടെ പേടി കണ്ടാണ് തങ്ങളും പേടിച്ചു വിറച്ചതെന്നാണ് യാത്രക്കാർ പിന്നീടു പറഞ്ഞത്. എന്താണു സംഭവിക്കുന്നതെന്നു പോലും പറയാതെ നിർണായക സമയത്ത് പൈലറ്റിന്റെ ഇടപെടലും ഉണ്ടായില്ലെന്നും പരാതിയുണ്ട്.
‘കാബിൻ പ്രഷർ’ നഷ്ടപ്പെട്ടതാണ് പെട്ടെന്നുള്ള വിമാനത്തിന്റെ ‘പതന’ത്തിനു കാരണമായതായി പറയുന്നത്. എന്നാൽ ‘സാങ്കേതിക പ്രശ്നം’ കാരണമാണ് വിമാനം തിരികെ പെർത്തിലേക്കു വിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം. യാത്രക്കാർക്ക് പിന്നീട് ബാലിയിലേക്ക് മറ്റൊരു വിമാനം ഏർപ്പാടാക്കിക്കൊടുത്തു. ഇത്രയേറെ പരിഭ്രാന്തിയുണർത്തിയ സംഭവമാണെങ്കിലും യാത്രക്കാരിലാര്‍ക്കും ചെറിയൊരു പരുക്കു പോലും ഏറ്റില്ല എന്നത് ആശ്വാസകരമാണ്.