കാനഡ പ്രധാനമന്ത്രി മാർച്ചിൽ ഇന്ത്യയിലെത്തും; യുറേനിയം വിതരണം ഉൾപ്പെടെയുള്ള കരാറുകൾക്ക് സാധ്യത
ന്യൂഡൽഹി: കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി മാർച്ചിൽ ഇന്ത്യ സന്ദർശിച്ചേക്കും. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേഷ് പട്നായിക് ആണ് ഇതുസംബന്ധിച്ചുള്ള സൂചന നൽകിയത്. യുറേനിയം, ഊർജ്ജം, ധാതുക്കൾ, നിർമ്മിതബുദ്ധി (എഐ) എന്നിവ സംബന്ധിച്ച കരാറുകളിൽ ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാനഡയുടെ ഊർജ്ജ മന്ത്രി ടിം ഹോഡ്‌സൺ ഈ ആഴ്ച ഇന്ത്യ സന്ദർശിക്കുന്നുണ്ട്, ഇന്ത്യയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള (CEPA) ഔദ്യോഗിക ചർച്ചകളും മാർച്ചിൽ ആരംഭിക്കണം, പട്നായിക് പറഞ്ഞു. ഇരുരാജ്യങ്ങളും നവംബറിൽ നിർത്തിവെച്ച വ്യാപാര ചർച്ചകൾ പുനരാരംഭിക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.
ആണവോർജ്ജം, എണ്ണ, വാതകം, പരിസ്ഥിതി, എഐ, ക്വാണ്ടം കമ്പ്യൂട്ടിങ്, വിദ്യാഭ്യാസം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിലും മാർക്ക് കാർനി ഒപ്പുവെക്കുമെന്നും പട്നായിക് പറഞ്ഞു. 2.8 ബില്യൺ കനേഡിയൻ ഡോളറിന്റെ യുറേനിയം 10 വർഷത്തെ വിതരണ കരാർ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യഅന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ സംരക്ഷണ സംവിധാനങ്ങൾ പാലിക്കാൻ തയ്യാറാണെങ്കിൽ കാനഡ-ഇന്ത്യ ആണവ സഹകരണ കരാറിന് കീഴിൽ യുറേനിയം വിൽക്കാൻ കാനഡ ഒരുക്കമാണെന്നാണ് സൂചന.
കാനഡയുമായുള്ള ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചതിന് ഒരു വർഷത്തിനുള്ളിൽ ഒരു CEPA കരാർ ഒപ്പുവെക്കാൻ കഴിയുമെന്നും പട്നായിക് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ധനമന്ത്രി നിർമ്മല സീതാരാമനും ഉടൻ കാനഡ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അടുത്ത മാസം ഒട്ടാവ സന്ദർശിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പതിവ് ബന്ധത്തിന്റെ ഭാഗമായി വിവരങ്ങൾ കൈമാറാനും സുരക്ഷാ നടപടികൾ ചർച്ച ചെയ്യാനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസിനുപരിയായി കാനഡയുടെ സഖ്യങ്ങൾ വിപുലീകരിക്കാൻ മാർക്ക് കാർനി ശ്രമങ്ങൾ നടത്തിവരികയാണ്. പഴയ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്രമം അവസാനിച്ചുവെന്ന് കഴിഞ്ഞ ആഴ്ച ദാവോസിൽ കാർനി പ്രസംഗിച്ചിരുന്നു. കാർനിയുടെ പ്രസ്താവനയ്ക്ക് വലിയ കരഘോഷമാണ് ഉയർന്നത്. കാനഡയ്ക്ക് സമാനമായ ഇടത്തരം രാരാജ്യങ്ങളോട് കൂടുതൽ നീതിയുക്തവും കരുത്തുറ്റതുമായ ലോകത്തെ രൂപപ്പെടുത്താൻ സഖ്യങ്ങൾ രൂപവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇലക്ട്രിക് വാഹനങ്ങൾക്കും കനോലയ്ക്കും ഉള്ള തീരുവ കുറയ്ക്കുന്നതിനും 7 ബില്യൺ കനേഡിയൻ ഡോളറിന്റെ (5.11 ബില്യൺ യുഎസ് ഡോളർ) കയറ്റുമതി വിപണി തുറക്കുന്നതിനും ചൈനയുമായുള്ള കരാറിനെത്തുടർന്നായിരുന്നു കാർനിയുടെ വൈറൽ പ്രസംഗം.
2023-ൽ സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കാർനിയുടെ മുൻഗാമിയായ ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് ശേഷം വഷളായ ഇന്ത്യ-കാനഡ ബന്ധത്തെ കാർനി പുനഃക്രമീകരിക്കാൻ ശ്രമിക്കുകയാണ്. കഴിഞ്ഞ വർഷം കാർനിയുടെ ക്ഷണം അനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രൂപ്പ് ഓഫ് 7 ഉച്ചകോടിയിൽ പങ്കെടുത്തു, കാർനി ഭരണകൂടത്തിലെ മന്ത്രിമാർ ഇന്ത്യ സന്ദർശിച്ചിട്ടുമുണ്ട്.