ഒരു കാര്‍ സ്വന്തമാക്കുക എന്നത് ഇന്ത്യയിലെ ഏതൊരു സാധാരണക്കാരന്റെയും സ്വപ്നമാണ്. എന്നാല്‍ ചിലപ്പോള്‍ കാര്‍ വാങ്ങാനുള്ള തുക സ്വരുക്കൂട്ടാനാണ് പലര്‍ക്കും കഴിയാതെ പോകുന്നത്. അങ്ങനെ കാര്‍ വാങ്ങാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. ബൈക്ക് വാങ്ങുന്ന പൈസയ്ക്ക് ഒരു കാര്‍ സ്വന്തമാക്കാം. ബജാജിന്റെ ‘ക്യൂട്ട്’ എന്ന കുഞ്ഞൻ കാറാണ് വിപണി കീഴടക്കാൻ ലക്ഷ്യമിടുന്നത്. ഒരു ബൈക്കിന്റെ വിലയേ ക്യൂട്ടിനും ഉണ്ടാവുകയുള്ളു.
നിലവില്‍ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കാര്‍ നാനോയാണ്. കുറഞ്ഞ വിലയിൽ ഒരു നാലംഗ കുടുംബത്തിന് സുഖമായി യാത്ര ചെയ്യാവുന്നതായിരുന്നു നാനോയുടെ പ്രത്യേകത. എന്നാൽ ടാറ്റയുടെ നാനോയ്ക്ക് വെല്ലുവിളി ഉയർത്തിയാണ് ബജാജ് എത്തിയിരിക്കുന്നത്.സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുതാല്‍പര്യ ഹര്‍ജിയുടെ രൂപത്തില്‍ വന്ന ചില നിയമക്കുരുക്ക് ക്യൂട്ടിന്റെ ഇന്ത്യന്‍ അരങ്ങേറ്റം വളരെ വൈകിപ്പിച്ചിരുന്നു.പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നിയമക്കുരുക്കെല്ലാം അവസാനിപ്പിച്ച് ബജാജ് ക്യൂട്ട് ഈ വര്‍ഷം അവസാനത്തോടെ നിരത്തിലെത്തിക്കുമെന്നാണ് സൂചന.
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ഇതുവരെ കമ്പനി നല്‍കിയിട്ടില്ല. ക്യൂട്ടിന്റെ രൂപം കാറിനോട് സാമ്യമുണ്ടെങ്കിലും ഇവനെ കാര്‍ ഗണത്തിലല്ല കമ്പനി ഉള്‍പ്പെടുത്തിയത്. ത്രീ വീല്‍ ഓട്ടോറിക്ഷകള്‍ക്ക് പകരം എത്തുന്ന ഫോര്‍ വീല്‍ വാഹനമായാണ് ക്യൂട്ടിനെ ബജാജ് അവതരിപ്പിച്ചിരുന്നത്. ശ്രീലങ്ക, ഇന്‍ഡൊനീഷ്യ തുടങ്ങി പത്തൊമ്പതോളം രാജ്യങ്ങളിലേക്ക് നിലവില്‍ ക്യൂട്ട് കയറ്റുമതി ചെയ്യുന്നുണ്ട്.
2012 ഓട്ടോ എക്‌സ്‌പോയിലാണ് ക്യൂട്ടിന്റെ പ്രൊഡക്ഷൻ മോഡൽ കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്. 2,752 എംഎം നീളവും, 1,312 എംഎം വീതിയും, 1,925 എംഎം വീൽബേസും, 1,652 എംഎം ഉയരവുമുള്ള ബജാജ് ക്യൂട്ടിന് ലോകത്തിലെ ഏറ്റവും ചെറിയ യാത്രാ വാഹനമെന്ന പ്രത്യേകതയുമുണ്ട്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി എസി, പവർ സ്റ്റിയറിങ്, പവർ വിന്റോസ്, ഓഡിയോ സിസ്റ്റം എന്നിവ വാഹനത്തിൽ ഉണ്ടാവില്ല. ഓറഞ്ച്, ചുവപ്പ്, വയലറ്റ്, പച്ച, വെള്ള, കറുപ്പ് എന്നീ ആറ് നിറങ്ങളിൽ ക്യൂട്ട് ലഭ്യമാകും. യൂറോപ്യൻ, ഏഷ്യൻ, ലാറ്റിനമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ ജനപ്രിയ വാഹനമാണ് ക്യൂട്ട്. ഇന്ത്യൻ വിപണിയിൽ ഏകദേശം 1.2 ലക്ഷം രൂപയായിരിക്കും ക്യൂട്ടിന്റെ വില.