റിപ്പോർട്ടർ ചാനലിന്റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്രം; ഉടമസ്ഥാവകാശ കൈമാറ്റത്തിൽ നോട്ടീസ്
റിപ്പോർട്ടർ ചാനലിന്റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയിൽ. ചാനലിന്റെ ലൈസൻസ് ചോദ്യം ചെയ്തുള്ള സാബു എം ജേക്കബിന്റെ ഹർജിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം കോടതിയെ വാക്കാൽ അറിയിച്ചത്. ചാനൽ നടത്തിപ്പിനുള്ള ക്ലിയറൻസുണ്ടായിരുന്നത് ഡയറക്ടർമാരായ എം വി നികേഷ്കുമാറിനും ഭാര്യ റാണി വർഗീസിനും മാത്രം. ഡയറക്ടർമാർ ചട്ടം മറികടന്ന് ചാനലിന്റെ ലൈസൻസ് കൈമാറി എന്നായിരുന്നു ഹർജിയിലെ പ്രധാന വാദം.
രേഖകളുടെ കൈമാറ്റം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമറിയാതെ. നിയമസാധുതയില്ലാത്ത ചാനൽ ഉടമസ്ഥാവകാശ കൈമാറ്റം സംബന്ധിച്ച് വിശദീകരണം നൽകാൻ നികേഷിനും ഭാര്യക്കും നോട്ടീസ്. ഏപ്രിൽ രണ്ടിനകം മറുപടി നൽകണം. വിശദീകരണം പരിശോധിച്ച ശേഷം നിയമാനുസൃത നടപടി സ്വീകരിക്കാനും കേന്ദ്രത്തിന് കോടതി നിർദേശം.
എംവി നികേഷ്‌കുമാർ, റാണി വർഗീസ് എന്നിവരാണ് INDOASIAN കമ്പനിയുടെ ഡയറക്ടർമാർ. ചാനല്‍ പ്രവര്‍ത്തിക്കുന്നത് ബ്രോഡ്കാസ്റ്റ് ലൈസന്‍സില്ലാതെയെന്ന കിറ്റക്സ് കമ്പനി ഉടമ സാബു എം ജേക്കബിന്റെ ഹർജി. തുടർന്നായിരുന്നു ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ച് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചിരുന്നത്.