ന്യൂഡൽഹി: ടയറുകളിൽ നൈട്രജൻ നിറയ്ക്കുന്നതു നിർബന്ധമാക്കാൻ പദ്ധതിയുമായി കേന്ദ്രം. ഈ പദ്ധതി നിർബന്ധമാക്കാൻ തീരുമാനിക്കുന്ന കാര്യം ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു. കൂടാതെ ടയർ നിർമിക്കാൻ ഉപയോഗിക്കുന്ന റബറിൽ സിലിക്കൺ കലർത്താൻ നിർമാതാക്കളോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.സിലിക്കൻ മിശ്രിത ടയറിൽ വായുവിനു പകരം നൈട്രജൻ നിറച്ചാൽ, ചൂടു കൂടുന്നതു മൂലം ടയറുകൾ പൊട്ടി അപകടമുണ്ടാകുന്നതു തടയാനാകുമെന്നാണു പ്രതീക്ഷ. അപകടങ്ങൾ കുറയ്ക്കുകഎന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
റോഡപകടങ്ങൾ കുറയ്ക്കാനായി 14,000 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ റോഡപകടങ്ങൾ കുറഞ്ഞു. ഉത്തർപ്രദേശിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ. രാജ്യത്തെ മൂന്നിലൊന്ന് ലൈസൻസുകളും വ്യാജമാണ്. ഇതിനെതിരെ നിയമം കൊണ്ടുവരണം. 25 ലക്ഷം വിദഗ്ധ ഡ്രൈവർമാരുടെ കുറവ് ഇന്ത്യയിലുണ്ട്. ഇതു നികത്താനായി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കുമെന്നും മന്ത്രി ഗഡ്കരി പറഞ്ഞു.