നീരു വന്ന് വീര്‍ത്ത മുഖവുമായി ആശുപത്രിയിലെത്തിയ വീട്ടമ്മയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പുറത്തെടുത്തത് നായ്ക്കളിൽ കാണുന്ന വിരയെ. ചാലക്കുടി കൊടകര സ്വദേശിനിയായ വീട്ടമ്മയുടെ കവിളിൽ നിന്നാണ് വിരയെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.ചെന്നൈയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നടത്തിയ ലാബ് പരിശോധനയില്‍ യുവതിയുടെ കവിളില്‍ വിരയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. നായ്ക്കളില്‍ കാണുന്ന തരം വിരയായിരുന്നു ഇത്.
ഒരു മാസം മുമ്പ് മുഖം നീര് വന്നു വീര്‍ത്തതോടെയാണ് ഇവര്‍ ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്. ഡോഗ് ഹാര്‍ട്ട് വേം (ഡിറോഫൈലേറിയ) ഇനത്തിലെ 1.6 സെമീ. നീളമുള്ള വിരയെ പോട്ട ധന്യ ആശുപത്രിയിലെ ഡോ. ജോജി പീറ്ററാണ് പുറത്തെടുത്തത്.
വീട്ടമ്മയെ ബോധം കെടുത്താതെ നടത്തിയ ശസ്ത്രക്രിയയില്‍, കവിളിന്റെ ഉള്‍വശത്തു കൂടി വിരയെ പുറത്തെടുത്തതിനാല്‍ കവിളില്‍ ശസ്ത്രക്രിയ നടത്തിയതിന്റെ അടയാളങ്ങള്‍ പുറത്തു പ്രകടമല്ല. ഇത്തരം വിരകള്‍ നായ്ക്കളില്‍ നിന്നു കൊതുകുകള്‍ വഴി നായ്ക്കളിലേക്കു വ്യാപിച്ചിരുന്നു.കൊതുകുകള്‍ വഴി തന്നെയാകാം ഇവ മനുഷ്യ ശരീരത്തില്‍ എത്തിയതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
കൃത്യമായി വേവിക്കാത്ത ഇറച്ചി കഴിച്ചാലും ഇവ മനുഷ്യ ശരീരത്തിലെത്താം.അടുത്തയിടെ ഇരിങ്ങാലക്കുടയിൽ ഒരാളുടെ കണ്ണിൽ നിന്നു വിരയെ പുറത്തെടുത്തിരുന്നു. മനുഷ്യരിൽ കണ്ണുകളിലും തൊലിപ്പുറത്തും ശ്വാസകോശത്തിലും ഇത്തരം വിരകളെ കാണാമെന്നു പറയുന്നു. ശരീരത്തിൽ തടിപ്പ്, വേദന, ചുവന്നു തടിക്കൽ എന്നിവയാണു ലക്ഷണങ്ങൾ.