
ലക്നൗ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വെടിവയ്പ്പ്. യുപി സഹാരൻപൂരിൽ കാറിലെത്തിയ ആയുധധാരികളായ സംഘം ചന്ദ്രശേഖർ ആസാദിന്റെ വാഹനവ്യൂഹത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ട് വെടിയുണ്ടകളാണ് ആസാദിന്റെ കാറില്‍ പതിച്ചത്.
ആദ്യ ബുള്ളറ്റ് കാറിന്റെ സീറ്റില്‍ തറച്ച് ആസാദിന്റെ അരഭാഗത്തുരഞ്ഞ് ഡോര്‍ തകര്‍ത്തു. കാറിന്റെ വശങ്ങളിലെ ചില്ലുകൾ പൂർണായും തകർന്നു. രണ്ടാമത്തെ വെടിയുണ്ട പിന്‍ഭാഗത്തെ ഡോറിലാണ് കൊണ്ടത്. തലനാരിഴയ്ക്കാണ് ആസാദിന് വലിയ തോതില്‍ പരുക്കേല്‍ക്കാതിരുന്നത്. ആസാദിന്റെ ഇളയ സഹോദരനടക്കം അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.
കാറിലെത്തിയ സംഘമാണ് ആസാദിനു നേരെ ആക്രമണം നടത്തിയതെന്നു പൊലീസ് അറിയിച്ചു. ആസാദിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ നല്‍കിയെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ വിപിന്‍ താഡ പറഞ്ഞു. തന്റെ കൂടെയുള്ളവർ ആക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ചന്ദ്രശേഖർ ആസാദ് പ്രതികരിച്ചു
ആസാദിനു നേരെയുണ്ടായ ആക്രമണം ഭീരുത്വപരമായ നടപടിയാണെന്നും കുറ്റവാളികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നും ഭീം ആര്‍മി ആവശ്യപ്പെട്ടു.