ചന്ദ്രനിലേക്ക് ഒരു പടി കൂടി; ലാൻഡർ മൊഡ്യൂൾ വിജയകരമായി വേർപെടുത്തി

0

ബംഗളൂരു: ചന്ദ്രയാൻ-3 പേടകത്തിലെ ലാൻഡിങ് മൊഡ്യൂൾ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന (ഓർബിറ്റർ – Orbiter) മൊഡ്യൂളിൽ നിന്ന് വിജയകരമായി വേർപ്പെട്ടതായി സ്ഥിരീകരിച്ച് ഐഎസ്ആർഒ. ഉച്ചക്ക് 1.30 ഓടെയാണ് ലാൻഡറിനെ വേർപ്പെടുത്തിയത്. ചന്ദ്രനിൽ ഇറങ്ങാനുള്ള ലാൻഡറായ (lander) വിക്രം (Vikram), ചന്ദ്രോപരിതലത്തിൽ പര്യവേക്ഷണം നടത്തുന്ന പ്രജ്ഞാൻ (Pragyan) എന്നിവ അടങ്ങുന്നതാണ് ലാൻഡിങ് മൊഡ്യൂൾ. 153km X 163km ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ-3 ഇപ്പോഴുള്ളത്.

ലാൻഡിങ് മൊഡ്യൂൾ വേർപെടുത്തിയ ശേഷമാണ് ദൗത്യത്തിലെ അവസാനത്തെയും സുപ്രധാനവുമായ ഘട്ടം- ചന്ദ്രനിലെ ലാൻഡിങ്. ലാൻഡ് ചെയ്ത ശേഷമാണ് റോവറായ (Rover) പ്രജ്ഞാൻ പുറത്തേക്കു വരേണ്ടത്.

സോഫ്റ്റ് ലാൻഡിങ് സാധ്യമാക്കാൻ സാധിക്കാതിരുന്നതിനാലാണ് ചന്ദ്രയാൻ-2 പൂർണ വിജയമാകാതിരുന്നത്. 2019ലെ ഈ ദൗത്യത്തിന്‍റെ വിജയകരമായ ആവർത്തനമാണ് ചന്ദ്രയാൻ-3 ലക്ഷ്യമിടുന്നത്. അതിനായി ലാൻഡറിന്‍റെ എൻജിനിലും കാലുകളിലും അടക്കം നിരവധി പരിഷ്കരണങ്ങൾ വരുത്തിയിരുന്നു.