ബംഗളൂരു: ഇന്ത്യയുടെ മൂന്നാം ചാന്ദ്രപര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ 3 ശനിയാഴ്ച ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ പ്രവേശിക്കും. ചൊവ്വാഴ്ച പുലർച്ചെ ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തോട് വിട പറഞ്ഞ പേടകം ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥം തേടിയുള്ള യാത്രയിൽ മൂന്നിൽ രണ്ടു ദൂരവും പിന്നിട്ടു.
ശനിയാഴ്ച വൈകിട്ട് ഏഴിനാണ് ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിലേക്കു കയറുന്നത്. ഭ്രമണപഥത്തിൽ ചന്ദ്രനോട് ഏറ്റവും അടുത്തുള്ള ഭാഗത്ത് (പെരിലൂണെ) ആയിരിക്കും പേടകത്തെ ജ്വലനപ്രക്രിയയുടെ സഹായത്തോടെ എത്തിക്കുകയെന്നു ബംഗളൂരുവിലെ ഇസ്രൊ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ ചന്ദ്രനെ വലംവയ്ക്കുന്ന പേടകം 23നാണ് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുക. ഇതുവരെയുള്ള എല്ലാ പ്രവർത്തനവും സാധാരണ നിലയിലാണെന്നും ഇസ്രൊ.