സിംഗപ്പൂരില്‍ ഭാര്യയേയോ മക്കളെയെയോ കൂടെ നിര്‍ത്താന്‍ വേണ്ട ശമ്പളം 6000 ഡോളറായി ഉയര്‍ത്തി , പ്രതിസന്ധിയിലാകുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശജോലിക്കാര്‍

0

സിംഗപ്പൂര്‍ : സിംഗപ്പൂരിലെ ഡിപ്പന്ടന്റ്റ് വിസയ്ക്ക് വേണ്ട ശമ്പളപരിധി 2018 ജനുവരി ഒന്നുമുതല്‍ 6000 ഡോളറായി ഉയര്‍ത്തിയതായി മിനിസ്ട്രി ഓഫ് മാന്‍പവര്‍ (MOM) അറിയിച്ചു.ഇതോടെ എംപ്ലോയ്മെന്റ് പാസ്സ് ,S പാസ്സ് എന്നിവയില്‍ ഭാര്യയെയോ ,മക്കളെയോ സിംഗപ്പൂരില്‍ കൂടെ നിര്‍ത്തുവാന്‍ നല്ലൊരു തുക ശമ്പളം ലഭിക്കുന്നവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ.വര്‍ധിച്ചുവരുന്ന സിംഗപ്പൂരിലെ ചിലവുകള്‍ കണക്കിലെടുത്താണ് ഈ പരിധി ഉയര്‍ത്തുന്നതെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

എന്നാല്‍ 5000 ഡോളര്‍ ശമ്പളത്തില്‍ ജോലിചെയ്യുന്ന ഒരാള്‍ക്ക് 20% ശമ്പളവര്‍ധന ലഭിച്ചാല്‍ മാത്രമേ 6000 ഡോളര്‍ എന്ന ശമ്പളതസ്തികയിലെത്താന്‍ സാധിക്കുകയുള്ളൂ.എന്നാല്‍ എത്രമാത്രം ഇതു സാധിക്കുമെന്നതാണ് പലരെയും കുഴയ്ക്കുന്ന ചോദ്യം.പുതിയൊരു ജോലി കണ്ടെത്തി ശമ്പളം ഉയര്‍ത്തുകയാണ് മറ്റൊരു വഴി.എന്നാല്‍ സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് പതുക്കെ കരകയറുന്ന ഈ സാഹചര്യത്തില്‍ അത് അത്ര എളുപ്പമല്ല എന്നാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്.

രണ്ടുവര്‍ഷം മുന്‍പ് 4000 ഡോളറില്‍ നിന്ന് 5000 ഡോളറായി ഉയര്‍ത്തിയപ്പോഴും പ്രതിസന്ധിയിലായവര്‍ ധാരളമായിരുന്നു.കുടുംബത്തോടൊപ്പം താമസിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജോലി ഉപേക്ഷിച്ച് തിരികെ പോകുവാന്‍ ആലോചിക്കുന്നവരും ഇക്കൂട്ടത്തില്‍ ഏറെയാണ്‌.എന്നാല്‍ ഇപ്പോഴുള്ള പാസ്സുകള്‍ തുടര്‍ന്നും നല്‍കുവാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നതാണ് ഇതിലെ ആശ്വാസമായ വസ്തുത.സിംഗപ്പൂരില്‍ ജോലി ചെയ്ത് സ്വന്തനാട്ടില്‍ കുടുംബത്തെ നിര്‍ത്തുന്നവരും ധാരാളമുണ്ട്.സിംഗപ്പൂരിലെ ഭീമമായ ചിലവുകള്‍ക്ക് വേണ്ട ശമ്പളമില്ലാത്തവര്‍ ഈ രീതി പിന്തുടരേണ്ടി വരുന്നു.