ചേരാനല്ലൂർ അപകട കേസ്; കേവലം അശ്രദ്ധയല്ല, 17കാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണം; ഭദ്രകീർത്തി ഹൈക്കോടതിയിൽ
കൊച്ചി: ചേരാനല്ലൂർ ബെൻസ് അപകട കേസിൽ 17 കാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ഹൈക്കോടതിയിൽ. കേവലം അശ്രദ്ധയല്ല ഉണ്ടായതെന്നും മനുഷ്യ ജീവന് വില കൽപിക്കാത്ത മനോഭാവമാണെന്നും ഭദ്രകീർത്തി. കുട്ടിയുടേ പിതാവായ ജൂഡിഷ്യൽ ഓഫീസർ ഉന്നത സ്വാധീനമുള്ളയാളാണെന്നും ഹർജിയിൽ.
ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ട കേസാണെന്നും ജാമ്യം നൽകി വിടുന്നത് നീതി ന്യായ വ്യവസ്ഥയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും ഹർജിയിൽ പറയുന്നു. കുട്ടിയെ ഒബ്സെർവഷൻ ഹോമിൽ അയക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഇരയുടെ അവകാശം പരിഗണിക്കണം. നടപടി ക്രമങ്ങളിലെ പൊലീസ് വീഴ്ച്ച വേറെ വിഷയമെന്നും ഭദ്രകീർത്തി ഹർജിയിൽ പറയുന്നു. ഒക്ടോബർ 25-നാണ് ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകടയുടമയായ ജയബാലകൃഷ്ണൻ മരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ജയബാലകൃഷ്ണന്റെ കുടുംബവും നൽകിയ അപ്പീൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളുകയും, കുട്ടി ജാമ്യത്തിൽ തുടരാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഒപ്പം ജുവനൈൽ ജസ്റ്റിസ് ആക്ട് പാലിക്കാതെയും മറ്റും എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിൽ പൊലീസിനെയും പ്രോസിക്യൂഷനെയും കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
കേസിൽ അന്വേഷണ സംഘത്തിന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകിയിരുന്നു. അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് കേസിനെ ബാധിക്കില്ല. പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്കെതിരെ ചുമത്തിയ കുറ്റം നിലനിൽക്കും. നിയമോപദേശം ഡിജിപി ഉടൻ എസിപിക്ക് കൈമാറും. സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് സമർപ്പിക്കാനുള്ള അഡീഷണൽ സെഷൻസ് കോടതിയുടെ നിർദേശത്തെ തുടർന്നാണ് പൊലീസ് നിയമോപദേശം തേടിയത്.