'ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്'; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. `ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്' എന്നെഴുതിയ കപ്പുമായാണ് മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യം. എൽഡിഎഫ് സത്യാഗ്രഹ സമരവേദിയിലാണ് മുഖ്യമന്ത്രി ഈ കപ്പ് ഉപയോഗിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായി ആദ്യം പീഡന പരാതി നൽകിയ അതിജീവിത കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിൽ ഈ വാചകങ്ങൾ കുറിച്ചിരുന്നു. മുഖ്യമന്ത്രിയുടെ കപ്പിൽ ഈ വാചകങ്ങൾ ഇടംപിടിച്ചത് അതിജീവിതയോടുള്ള ഐക്യദാർഢ്യമാണെന്നാണ് ചർച്ചകൾ.
ഇതിനിടെ സത്യഗ്രഹ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ നടത്തി. കേരളത്തോട് പകപോക്കുന്ന രീതിയിലാണ് കേന്ദ്രസർക്കാരിന്റെ പെരുമാറ്റമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനെതിരായ കേന്ദ്ര സർക്കാർ നടപടികൾക്ക് എതിരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടന്ന സത്യാഗ്രസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് സത്യാഗ്രഹ സമരം നടന്നത്. മന്ത്രിമാരും ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും സമരത്തിൽ പങ്കെടുത്തു.
അതേസമയം, ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ നാളെ നേരിട്ട് ഹാജരാക്കാനാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പുകൾ കണ്ടെത്തുന്നതിനായി പ്രതിയെ 7 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, രാഹുലിന് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.