ഇന്ത്യയില്‍ നിയമം മൂലം ബാലവിവാഹം നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഇന്ത്യയുടെ പല ഭാഗങ്ങളിലും ബാലവിവാഹങ്ങള്‍ നടക്കുന്നുണ്ട് എന്നതാണ് സത്യം. വിടര്‍ന്നു വരുന്നൊരു പൂമൊട്ടു കൊഴിച്ചു കളയുന്നത് പോലെയാണ് ഓരോ ബാലവിവാഹവും. ദാരിദ്രത്തിന്റെ പേരിലും, മറ്റു അന്ധവിശ്വാസങ്ങളുടെ പേരിലും എല്ലാം ഇന്നും നമ്മുടെ നാട്ടില്‍ ബാലവിവാഹങ്ങള്‍ നടക്കുന്നുണ്ട്. ഈ അനാചാരത്തിനെതിരെ പോരാടാനും ,പ്രതികരിക്കാനും മുതിര്‍ന്നവര്‍ പോലും മടിക്കുന്നിടത്തു ഒരുപറ്റം കുട്ടികള്‍ മുന്‍കൈയ്യെടുത്തു ചെയ്തൊരു പ്രവര്‍ത്തിയാണ് ഇപ്പോള്‍ ദേശീയശ്രദ്ധ നേടിയിരിക്കുന്നത്.
രാജസ്ഥാനിലാണ് സംഭവം. ബാലവിവാഹത്തിനിരയായ തങ്ങളുടെ സഹപാഠിയെ ഒരുപറ്റം സ്കൂള്‍ കുട്ടികള്‍ മോചിപ്പിച്ചതാണ് സംഭവം. ഹിന്ദുസ്ഥാന്‍ ടൈംസ് ആണീ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ
ദിവസങ്ങളോളം ക്ലാസ്സില്‍ കാണാതെയായപ്പോഴാണ് അവളുടെ സഹപാഠികള്‍ അവളെ അന്വേഷിച്ചു അവളുടെ ഗ്രാമത്തിലെത്തിയത്. അപ്പോഴാണ് തങ്ങളുടെ കൂട്ടുകാരി ഭര്‍ത്താവിന്റെ വീട്ടിലാണെന്ന് കൂട്ടുകാര്‍ അറിയുന്നത്. അവളുടെ വിവാഹം കഴിഞ്ഞുവെന്നും ഇനിയവിടെയാണ് അവളുടെ ബാക്കി ജീവിതമെന്നും ബന്ധുക്കളില്‍ നിന്നും മറുപടി കിട്ടിയത് കേട്ട് അവളുടെ കൂട്ടുകാര്‍ ഞെട്ടി.
പക്ഷെ അതോടെ അത്രയും കാലം കൂടെ പഠിച്ച സുഹൃത്തിനെ അവര്‍ കൈവിടാന്‍ ഒരുക്കമല്ലായിരുന്നു. എങ്ങനെയെങ്കിലും അവളെ തിരികെ സ്‌കൂളില്‍ കൊണ്ടുവരുമെന്നു തന്നെ അവര്‍ തീരുമാനിച്ചു. 13 പേരായിരുന്നു അവര്‍. ഏഴ് ആണ്‍കുട്ടികളും ആറു പെണ്‍കുട്ടികളും. എളുപ്പമായിരുന്നില്ലെങ്കിലും സുഹൃത്തിനുവേണ്ടിയുള്ള ആ പോരാട്ടം. എങ്കിലും അവര്‍ ഒറ്റകെട്ടായി ഇറങ്ങിത്തിരിച്ചു.
അവര്‍ പൊലീസില്‍ പരാതിപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളോ ബന്ധുക്കളോ പരാതി തന്നാല്‍ തങ്ങളെന്തെങ്കിലും ചെയ്യൂ എന്നു പറഞ്ഞു പൊലീസ് വിദ്യാര്‍ത്ഥികളെ മടക്കിയയച്ചു. നിരാശരായി സ്റ്റേഷനില്‍ നിന്നും ഇറങ്ങുമ്പോഴാണ് പൊലീസ് സ്റ്റേഷന്റെ ചുമരില്‍ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററില്‍ ജില്ല കളക്ടറുടെ ഫോണ്‍ നമ്പര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അവര്‍ ഒരു പബ്ലിക് ടെലിഫോണ്‍ ബൂത്തില്‍ നിന്നും കളക്ടറെ വിളിച്ചു തങ്ങളുടെ സുഹൃത്തിനെ രക്ഷിക്കണമെന്ന് ആഭ്യര്‍ത്ഥിച്ചു. ആ വിളിയിലെ ആത്മാര്‍ഥത മനസ്സിലാക്കിയ കളക്ടര്‍ സംഭവത്തില്‍ ഇടപെട്ടു.
അങ്ങനെ കാര്യങ്ങള്‍ക്കു ഒരു ചൂട്പിടിച്ചു. തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശപ്രകാരം പൊലീസ് കുട്ടിയുടെ ഭര്‍തൃവീട് കണ്ടെത്തുകയും പെണ്‍കുട്ടിയെ അവിടെ നിന്നും കൂട്ടിക്കൊണ്ടുവന്ന് ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും ചെയ്തു. കുട്ടിയേക്കാള്‍ 10 വയസ് കൂടുതലുള്ള ഒരാളായിരുന്നു ഭര്‍ത്താവ്. എന്തായാലും നീണ്ട നാളത്തെ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ കുട്ടി അവളുടെ കൂട്ടുകാരുടെ ആഗ്രഹംപോലെ സ്‌കൂളില്‍ തിരിച്ചെത്തി. ജയ്പൂര്‍ കോടതിയില്‍ വിവാഹം റദ്ദ് ചെയ്യാനായി ഹര്‍ജി നല്‍കിയിട്ടുമുണ്ട് ഇപ്പോള്‍. സ്കൂള്‍ അധികൃതരും അധ്യാപകരും എല്ലാം ഈ സുഹൃത്ത്‌സംഘത്തിനു കൂട്ടായുണ്ട്. കുട്ടിയുടെ മാതാപിതാക്കള്‍ തുടക്കത്തില്‍ കുട്ടിസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹകരണം നല്‍കിയില്ലെങ്കിലും എല്ലാവരുടെയും കൂട്ടായ പ്രയത്നത്തില്‍ പിന്നെ ഇവരും പങ്കാളികളാകാന്‍ നിര്‍ബന്ധിതരായി.