ശാന്തിയുടെയും സമാധാനത്തിന്റെയും രാവായ ക്രിസ്മസ്സിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഉണ്ണിയേശുപിറന്നതിന്റെ ഓർമ്മക്കായി ലോകമെമ്പാടുമുള്ള
വിശ്വാസികൾ നക്ഷത്രങ്ങളും, പുൽക്കൂടും, വിളിക്കുമേന്തി ക്രിസ്മസ്സ് ആഘോഷിക്കുന്നു. ആ ആഘോഷരാവിനു ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം. ഡിസംബറിന്റെ തുടക്കം മുതലേ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ മുറ്റത്തു നക്ഷത്രങ്ങൾ തെളിഞ്ഞിരുന്നു. കടകമ്പോളങ്ങൾ മുഴുവൻ ഉത്സവലഹരിയിൽ ആറാടിക്കഴിഞ്ഞു, മഞ്ഞു പെയ്തു തുടങ്ങും മുമ്പു തന്നെ വിപണിയിൽ നക്ഷത്രങ്ങൾ തെളിഞ്ഞു തുടങ്ങി.
കരോളിനെയും, ക്രിസ്മസ്സ് പാപ്പയെയും വരവേൽക്കാൻ നക്ഷത്രങ്ങളേന്തി വീഥികൾ ഒരുങ്ങിക്കഴിഞ്ഞു.
പ്രളയം നമ്മെയെല്ലാം തെല്ലൊന്നു സങ്കടത്തിലാഴ്ത്തിയിരുന്നെങ്കിലും, ക്രിസ്മസ്സ് വിപണി നിറങ്ങളാൽ നിറഞ്ഞുകഴിഞ്ഞു. പല ഡിസൈനുകളില്‍ പേപ്പര്‍, പ്ലാസ്റ്റിക്ക്, എല്‍ഇഡി നക്ഷത്രങ്ങളും,തോരണങ്ങള്‍, പുല്ക്കൂടുകള്, ക്രിസ്മസ് ട്രീ, അലങ്കാര ബള്‍ബുകള്‍, ബലൂണുകള്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സാധനങ്ങളാണ് വിപണിയിൽ ഇത്തവണയും ഉള്ളത്.
ക്രിസ്മസ് അടുത്തതോടെ സാന്റയുടെതൊപ്പിക്കും വസ്ത്രങ്ങൾക്കും എൽഇഡി വിളക്കുകളുമെല്ലാം ഏതവണത്തേയും പോലെ ആളുകളുടെ തിരക്ക്. പുൽകൂടുകൾക്കും മുഖംമൂടികൾക്കും ആവശ്യക്കാർ ഏറെയാണ്.
കടയിൽ കിട്ടുന്ന പ്ലാസ്റ്റിക് പുൽകൂടുകളും നക്ഷത്രങ്ങളും മാത്രമല്ല ഇത്തവണ പാപ്പയെ വരവേൽക്കാനുള്ളത്. കുട്ടികൾ വീട്ടിൽത്തന്നെ ഒരുക്കിയ നക്ഷത്രങ്ങളും പുൽക്കൂടും ക്രിസ്മസ് ട്രീയുമുണ്ട്.അങ്ങനെ പുതുമയേയും പഴമയേയും ഒത്തിണക്കി കേരളക്കരയാകെ ക്രിസ്മസ്സ് രവിനായുള്ള കാത്തിരിപ്പിലാണ്.