ആ മുഖങ്ങളിൽ കളക്ടർ ബ്രോയുടെ ചിരിയുണ്ട്‌

0

കംപാഷണേറ്റ് കോഴിക്കോട് ഒരു വർഷം പിന്നിടുമ്പോൾ…. കളക്ടർ ബ്രോ എഴുതുന്നു

കംപാഷനേറ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ഈ അദ്ധ്യയന വർഷം 250ൽ പരം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുവാൻ കഴിഞ്ഞു. ജീവിത ബുദ്ധിമുട്ടുകൾ കാരണം പഠനം വഴിമുട്ടിയ വിദ്യാർത്ഥികളുടെ പഠന ചിലവ് സുമനസ്സുകളുടെ സഹായത്താലാണ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നത്. ഈ അദ്ധ്യയന വർഷത്തിൽ ഇതിനകം 21 ലക്ഷത്തിൽപരം രൂപ ഇതിനായി വിനിയോഗിച്ചു. കഴിഞ്ഞ അദ്ധ്യയന വർഷം സ്കോളർഷിപ്പ് നൽകിയ വിദ്യാർത്ഥികൾക്ക് ഈ വർഷവും പഠന സഹായം നൽകുന്നത് തുടരാൻ സന്നദ്ധരായി നിരവധി പേർ മുന്നോട്ട് വന്നതും ശ്രദ്ധേയമാണ്. ദിവസേന നിരവധി അപേക്ഷകളാണ് നമുക്ക് ഓഫീസിൽ ലഭിക്കുന്നത്. ഒരു പ്രാവശ്യം സ്കോളർഷിപ്പ് നൽകിയവർക്ക് സ്കോളർഷിപ്പ് തുടർന്ന് നൽകാനുമുള്ള അപേക്ഷയുമുണ്ട്.
കുട്ടികളുടെ വ്യക്തിവിവരം വെളിപ്പെടുത്താതെ ആവശ്യക്കാരനെയും പഠനസഹായം നൽകാൻ സന്നദ്ധരായവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ലളിതമായ ഒരു രീതിയിലൂടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ ഏകോപനം നടത്താൻ സഹായിക്കുന്ന ബാങ്കുകളുടെ റോൾ എടുത്ത്‌ പറയേണ്ടതാണ്‌. (അഞ്ചിൽ കൂടുതൽ ബാങ്കുകൾ ഇതുമായി സഹകരിക്കുന്നുണ്ട്‌.)
പല രക്ഷിതാക്കളും സ്വന്തം മക്കളുടെ പഠനം വേണ്ട രീതിയിൽ കൊണ്ട് പോകാൻ കഴിയാത്തതിന്റെ വിഷമം തുറന്ന് പറയാൻ തന്നെ മടി കാണിക്കുന്നു. അത്തരത്തിലുള്ള ധാരാളം വിദ്യാർത്ഥികളും നമ്മുടെ ചുറ്റുമുണ്ട്. അവരുടെ പഠനം മുടങ്ങാതെ നോക്കാനുള്ള ഉത്തരവാദിത്തം നമുക്കാണ്. ഇത്തരം വിദ്യാർത്ഥികളെ കണ്ടെത്താനും അതോടൊപ്പം പഠനസഹായം നൽകാനും താത്പര്യമുള്ളവർക്ക് ജില്ലാ ഭരണകൂടത്തിന്റെwww.compassionatekozhikode.in എന്ന വെബ് സൈറ്റിൽ scholarship എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.
സ്കോളർഷിപ്പ് പദ്ധതി ഒരു വർഷം പിന്നിടുമ്പോൾ അത് നല്ല രീതിയിൽ നടപ്പിലാക്കാനായി തങ്ങളുടെ വിലപ്പെട്ട സമയവും പ്രയത്നവും നൽകുന്ന കംപാഷനേറ്റ് കോഴിക്കോടിന്റെ വളണ്ടിയർമാർക്കും വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതെ നോക്കുന്ന സുമനസ്സുകൾക്കും നന്ദി.