അമ്മയിലെ കലഹം പൊട്ടിത്തെറിയിലേക്ക്.
നടന്‍ സിദ്ദിഖിന്റെ പത്രസമ്മേളനത്തിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്ന അമ്മ ട്രഷറര്‍ ജഗദീഷിന്റെയും എക്‌സിക്യൂട്ടീവ് അംഗം ബാബുരാജിന്റെയും ഓഡിയോ ക്ലിപ് ഇന്നലെ വാര്‍ത്താചാനല്‍ പുറത്തുവിട്ടു.
താനാണ് സംഘടനയുടെ ഔദ്യോഗികവക്‌താവെന്നും ഭീഷണിയുടെ സ്വരം ഇനി വിലപ്പോവില്ലെന്നും ഗുണ്ടായിസം വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ജഗദീഷ് പറയുന്നു. നടന്‍ ദിലീപിനെ സംഘടനയുടെ പേരില്‍ പിന്തുണച്ചാല്‍ അതിനെതിരേ പരസ്യമായി രംഗത്തുവരുമെന്നു ബാബുരാജും മുന്നറിയിപ്പു നല്‍കി.
എന്നാൽ, ജഗദീഷ് വ്യക്തമാക്കിയ സമവായ നിലപാടിനെ തള്ളിയ സിദ്ദീഖിന്റെ നിലപാടാണ് ഔദ്യോഗികം എന്നാണ് ജനറൽ സെക്രട്ടറി ഇടവേള ബാബു പറയുന്നത്. ഇക്കാര്യത്തിൽ അന്തിമതീരുമാനം പറയേണ്ട പ്രസിഡന്റ് മോഹൻലാലിന്റെ പ്രതികരണം ലഭ്യമായില്ല. സംയമനം പാലിക്കാൻ മോഹൻലാൽ ഇരുപക്ഷത്തുള്ളവരോടും നിർദേശിച്ചതായാണു വിവരം. മോഹൻലാൽ അടുത്ത ആഴ്ച വിദേശത്തേക്കു പോകുന്നതിനാൽ 19ന് മുതിർന്ന അംഗങ്ങൾ വിഷയം ചർച്ച ചെയ്തേക്കുമെന്നു സൂചനയുണ്ട്.
വനിതാകൂട്ടായ്‌മയുടെ(ഡബ്ല്യു.സി.സി.) ആരോപണങ്ങളുടെ പശ്‌ചാത്തലത്തില്‍ ട്രഷറര്‍ ജഗദീഷ് പത്രക്കുറിപ്പ് ഇറക്കി സംഘടനയുടെ നിലപാട് വിശദീകരിച്ചിരുന്നു. എന്നാല്‍ അതിനുപിന്നാലെ അമ്മ സെക്രട്ടറി സിദ്ദീഖ് സ്വന്തം നിലയില്‍ പത്രസമ്മേളനം വിളിക്കുകയും ദിലീപിനെ ന്യായീകരിക്കുകയും പരാതി നല്‍കിയ വനിതാ അംഗങ്ങളെ അപമാനിക്കുകയും ചെയ്‌തിരുന്നു. ഇതിനു മറുപടി എന്ന നിലയിലാണ് ജഗദീഷിന്റെയും ബാബുരാജിന്റെയും പുറത്തുവന്നിട്ടുള്ള ശബ്‌ദശകലം. അമ്മയ്‌ക്കുള്ളില്‍ രഹസ്യമായി അടക്കിപ്പിടിച്ചിരുന്ന ചേരിതിരിവ് പൊട്ടിത്തെറിയിലേക്ക് എന്നു വ്യക്‌തമാക്കുന്നതാണ് ഇന്നലത്തെ സംഭവവികാസങ്ങള്‍.
സിദ്ദീഖിന്റെ നിലപാടിനെതിരേ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. സംഘടനയ്‌ക്കുള്ളിലും എതിര്‍പ്പ് ശക്‌തമാണ്. ദിലീപിനുവേണ്ടി വാദിച്ച് അമ്മയെ നാണംകെടുത്തിയെന്നാണ് ജഗദീഷ് അടക്കമുള്ളവരുടെ വാദം. തനിക്ക് എല്ലാവരുടേയും ഒരുപാടുകാര്യങ്ങള്‍ അറിയാമെന്നും അതു പറയാന്‍ പ്രേരിപ്പിക്കരുതെന്നും ജഗദീഷ് മുന്നറിയിപ്പും നല്‍കുന്നുണ്ട്. പക്വതയുള്ള സമീപനം സ്വീകരിക്കുന്ന അമ്മ പ്രസിഡന്റ് മോഹന്‍ലാലിനൊപ്പമാണ് എല്ലാവരും.
സൂപ്പര്‍ബോഡി ചമയാന്‍ ആരും ശ്രമിക്കേണ്ട. അതിനെ മറികടന്നു ഗുണ്ടായിസം കാട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ വരുതിയില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അതിനി നടക്കില്ലെന്നും ജഗദീഷ് പറയുന്നു.
ഇവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് കാര്യങ്ങള്‍ക്ക് മോഹന്‍ലാല്‍ ആണ് അടികൊള്ളുന്നതെന്നും ദേശീയപത്രങ്ങളിലടക്കം മോഹന്‍ലാലിനെക്കുറ്റപ്പെടുത്തുന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നതെന്നും ബാബുരാജും ചൂണ്ടിക്കാട്ടുന്നു.