തന്റെ നാടന്‍ പാചകത്തിന് അങ്ങ് അമേരിക്കയിലും യൂറോപ്പിലും വരെ ആരാധകരുള്ള ഈ തിരുപ്പൂരുകാരനെ അറിയുമോ? ഇദ്ദേഹമാണ് അറുമുഖന്‍. ഇദ്ദേഹവും മകൻ ഗോപിനാഥും കൂടി ആരംഭിച്ച വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനല്‍ ഇപ്പോള്‍ ലോകമെങ്ങും സൂപ്പര്‍ഹിറ്റാണ്.
വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലില്‍ നിന്നുള്ള കുക്കിംഗ് വീഡിയോകള്‍ക്ക് പത്ത് കോടിയിലേറെ കാഴ്ചക്കാരുമുണ്ട്. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സ്വദേശിയാണ് അറുപതുകാരനായ അറുമുഖം. തനിനാടന്‍ രീതിയില്‍ അദ്ദേഹം തയ്യാറാക്കുന്ന വിഭവങ്ങളാണ് വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലിലുള്ളത്. അദ്ദേഹത്തിന്റെ മകന്‍ ഗോപീനാഥാണ്(26) വില്ലേജ് ഫുഡ് ഫാക്ടറിയുടെ അഡ്മിന്‍. കഴിഞ്ഞ വര്‍ഷം ജൂലൈ 24-നാണ് ഞണ്ട് കറിയുണ്ടാക്കി ഇവർ ചാനലിലിട്ടത്. ആദ്യത്തെ വിഡീയോക്ക് തന്നെ ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരെ കിട്ടിയതോടെ പിന്നെ ഇവർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ പതിനൊന്ന് മാസത്തിനിടെ 98 വീഡിയോകളാണ് വില്ലേജ് ഫുഡ് ഫാക്ടറി എന്ന ചാനലില്‍ വന്നത്. 5 ലക്ഷത്തിലേറെ പേർ ഇവരുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തുകഴിഞ്ഞു.
അറുമുഖന്റെ പാചകത്തിന്റെ ഏറ്റവും വലിയ സവിശേഷത വിറക് ഉപയോഗിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നത് എന്നതാണ്.ഭക്ഷണത്തിന് നിറമോ രുചിയോ കൂട്ടാന്‍ എന്തെങ്കിലും കൃതിമത്വം കാണിക്കുന്ന പതിവുമില്ല. ഇതൊക്കെ വ്യക്തമായി വീഡിയോയിൽ കാണാനാകും. ഇറച്ചിയോ മീനോ പച്ചക്കറികളോ ജ്യൂസോ ഏതുമാകട്ടെ അറുമുഖന്റെ കൈയ്യില്‍ ഭദ്രം.യൂട്യൂബില്‍ ഒരു കുക്കറി വീഡിയോ കണ്ടതോടെയാണ് പിതാവിനെ വച്ച് ഒരു ഫുഡ് ചാനല്‍ ഉണ്ടാക്കാം എന്ന ആശയം തനിക്ക് തോന്നിയതെന്ന് ഗോപിനാഥ് പറയുന്നു. കാഴച്ചക്കാരുടെ എണ്ണം വര്‍ധിച്ചതോടെ യൂട്യൂബ് പരസ്യങ്ങളുടെ വരുമാനത്തില്‍ നിന്നുള്ള ഒരു പങ്ക് ഗൂഗിളില്‍ നിന്ന് ഗോപിയുടെ അക്കൗണ്ടിലേക്ക് വന്നു തുടങ്ങി. വീഡിയോകളുടെ കാഴ്ച്ചക്കാരുടെ എണ്ണവും അതില്‍ വരുന്ന പരസ്യത്തിന് കിട്ടുന്ന ക്ലിക്കും അനുസരിച്ചായിരുന്നുയിത്.
8000 രൂപയാണ് ഗൂഗിളില്‍ നിന്നാദ്യം കിട്ടിയ വരുമാനം. അടുത്ത മാസം അത് 45,000 ആയി. മൂന്നാം മാസം അത് 1.05 ലക്ഷമായി. ആദ്യത്തെ ആറ് മാസം കൊണ്ട് തന്നെ ആറരലക്ഷം രൂപയാണ് യൂട്യൂബില്‍ അറുമഖനും കുടംബവും സ്വന്തമാക്കിയത്. അങ്ങനെ സംഗതി ക്ലിക്ക് ആയി എന്ന് പറഞ്ഞാല്‍ മതിയല്ലോ.