മുതിർന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ്‌ഗുപ്‌ത അന്തരിച്ചു

0

കൊല്‍ക്കത്ത: മുതിര്‍ന്ന സി.പി.ഐ. നേതാവ് ഗുരുദാസ് ദാസ് ഗുപ്ത(83) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സിപിഐ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി, എഐടിയുസി ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. പശ്ചിമബംഗാളിൽ നിന്നുള്ള കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽ പ്രമുഖനാണ് ഇദ്ദേഹം.

1936 നവംബര്‍ മൂന്നിന് ബംഗ്‌ളാദേശിലെ ബരിസാലില്‍ ദുര്‍ഗ പ്രസന്ന ഗുപ്തയുടെയും നിഹാര്‍ദേവിയുടെയും മകനായാണ് ജനനം. 1985, 1988, 1994 കാലങ്ങളിൽ തുടർച്ചയായി സിപിഐ യുടെ രാജ്യസഭാംഗമായ അദ്ദേഹം, 2004 ലും 2009 ലും പശ്ചിമബംഗാളിൽ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചു. എന്നാൽ 78 കാരനായ താൻ പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന് കാണിച്ച് 2014 ൽ പാർട്ടിയുടെ ദേശീയ കൗൺസിലിന് കത്തയച്ച അദ്ദേഹം പിന്നീട് മത്സരിച്ചില്ല.

2ജി സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച സംയുക്ത പാര്‍ലമെന്ററി കമ്മറ്റിയിലെ അംഗമായിരുന്നു. തൊഴിലാളി വർഗ്ഗ പോരാട്ടങ്ങളുടെ മുന്നണിയിൽ ഉണ്ടായിരുന്ന ദാസ്‌ഗുപ്‌ത, പാർലമെന്റിൽ അഴിമതിക്കും സാമ്പത്തിക കുറ്റങ്ങൾക്കും തൊഴിലാളികളുടെ അവകാശങ്ങളുമായും ബന്ധപ്പെട്ട് സ്വീകരിച്ച ഉറച്ച നിലപാടുകളിലൂടെ ശ്രദ്ധേയനായി. ജയശ്രീ ദാസ്ഗുപ്തയാണ് ഭാര്യ. ഒരു മകളുണ്ട്.