ഇതാണ് ആമിറിന്റെ ‘ദംഗലി’ന് പിന്നിലെ യഥാര്‍ഥ നായകന്‍

0

സമൂഹത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച് തന്റെ പെണ്‍മക്കള്‍ക്ക് ഗുസ്തിപരിശീലനം നല്‍കി അവരെ കായികരംഗത്തെ അന്തര്‍ദേശീയ വേദികളിലേക്ക് ഉയര്‍ത്തുന്ന ആളായാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘ദംഗല്‍’ എന്ന ചിത്രത്തില്‍ അമീര്‍ ഖാന്‍ വരുന്നത് .എന്നാല്‍ ഇതു ഒരു യഥാര്‍ഥ ജീവിതകഥയില്‍ നിന്നും ഉണ്ടായ ചിത്രം ആണെന്ന് അറിയാമോ ?

അമീര്‍ കഥാപാത്രത്തിന്റെ പേര് തന്നെയാണ് ആ യഥാര്‍ഥ നായകനും- മഹാവീര്‍ സിങ് ഫോഗട്ട്.ചെറുപ്പകാലത്ത് ഗോദയില്‍ ഏറെ തിളങ്ങിയ ആളായിരുന്നു ഹരിയാനക്കാരന്‍ മഹാവീര്‍.പുരുഷ കായികതാരങ്ങള്‍ ഭൂരിപക്ഷമായ ഗുസ്തിരംഗത്തേക്ക് തന്റെ പെണ്‍മക്കളെ കൊണ്ടുവരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. തന്റെ മക്കളായ ഗീത, ബബിത ഒപ്പം സഹോദരന്മാരുടെ പുത്രിമാരായ റിതു, വിനേഷ്, പ്രിയങ്ക, സംഗീത എന്നിവരെയൊക്കെ അദ്ദേഹം ഗുസ്തി പരിശീലിപ്പിച്ചു. ചെമ്മണ്ണ് നിറച്ച നാടന്‍ ഗോദകളില്‍ ആണ്‍കുട്ടികളെപ്പോലെ മുടി മുറിച്ച്, ഷോര്‍ട്‌സ് ഇട്ട് കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ ഗുസ്തി പരിശീലിക്കുന്നതില്‍ ഗ്രാമീണരില്‍ പലരും അസ്വസ്ഥത പ്രകടിപ്പിച്ചു. പക്ഷേ മഹാവീറിന് തന്റെ വഴിയില്‍ ഉറച്ച നിലപാടുണ്ടായിരുന്നു. ‘ഒരു സ്ത്രീക്ക് പ്രധാനമന്ത്രിയാവാമെങ്കില്‍ എന്തുകൊണ്ട് ഒരു ഗുസ്തിക്കാരിയായിക്കൂടാ’ എന്നായിരുന്നു എതിര്‍പ്പുമായെത്തുന്നവരോടുള്ള അദ്ദേഹത്തിന്റെ ചോദ്യം.

2000 ഒളിമ്പിക്‌സില്‍ കര്‍ണം മല്ലേശ്വരി ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയപ്പോള്‍ മഹാവീറിന്റെ മനസില്‍ ഒരു സ്വപ്‌നം ഉദിച്ചു. ഗുസ്തിയില്‍ തന്റെ പെണ്‍മക്കള്‍ ഒരു കാലത്ത് കഴുത്തില്‍ അണിയുന്ന ഒളിമ്പിക് മെഡല്‍ ആയിരുന്നു അത്. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍  മഹാവീറിന്റെ മക്കള്‍ വിജയകിരീടം ചൂടി മുന്നേറി. മഹാവീറിന്റെ മകള്‍ ഗീത ഫോഗട്ടിനായിരുന്നു 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഗുസ്തിയില്‍ ഒരു ഇന്ത്യന്‍ വനിത നേടുന്ന ആദ്യ സ്വര്‍ണമായിരുന്നു അത്. ഒപ്പം ഗുസ്തിയില്‍ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരവുമായി അവര്‍.

നാല് വര്‍ഷത്തിന് ശേഷം 2014ല്‍ മഹാവീറിന്റെ രണ്ടാമത്തെ മകള്‍ ബബിത കുമാരിയും കോമണ്‍വെല്‍ത്തില്‍ സ്വര്‍ണം നേടി. ഈ വര്‍ഷം റിയോയില്‍ നടന്ന ഒളിമ്പിക്‌സില്‍ മഹാവീറിന്റെ സഹോദരപുത്രിയായ വിനേഷ് ഫോഗട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി. പുരുഷന്മാര്‍ അടക്കിവാണ ഗുസ്തിപോലൊരു കായികയിനത്തിന്റെ ലോകവേദിയിലേക്ക് തന്റെ പെണ്‍കുട്ടികളെ പരിശീലിപ്പിച്ചയച്ച മഹാവീര്‍ സിങ് ഫോഗട്ടിന് കായികപരിശീലകന്മാര്‍ക്കുള്ള ഉന്നത പുരസ്‌കാരമായ ദ്രോണാചാര്യ അവാര്‍ഡിന് നാമനിര്‍ദേശം ലഭിച്ചിരുന്നു .