വ്യാജ ഡേറ്റിംഗ് വെബ് സൈറ്റ് ലിങ്കിൽ കയറിയ അറുപത്തിയഞ്ചുകാരന് നഷ്ടമായത് 46 ലക്ഷം

2

ഒരു വിരലമർത്തിയാൽ ഓൺലൈനിൽ നിന്നും നമ്മുടെ കൈവശം എത്താത്തതായി ഒന്നുമില്ല. എന്നാൽ ഒരു ക്ലിക്ക് മതി നമ്മുടെ കൈവശമുള്ളതെല്ലാം നഷ്ടപ്പെടാനും. അത്തരത്തിൽ ഒരുപാട് കെണികൾ ഇതിനുള്ളിൽ ഒളിഞ്ഞു കിടപ്പുണ്ട്. നാം പോലും അറിയാതെ നമ്മുടെ സകല രഹസ്യങ്ങളും ചോർത്താൻ വലനെയ്യുന്ന ഒട്ടനവധി വില്ലന്മാരുണ്ട് ഇന്റർനെറ്റിൽ.

മുംബൈയിൽ ഒരു അറുപത്തഞ്ചുകാരന് ഇത്തരത്തിൽ വ്യാജ ഡേറ്റിംഗ് ആപ്പിൾ രെജിസ്റ്റർ ചെയ്തതിനെത്തുടർന്ന് നഷ്ടമായത് 46 ലക്ഷമാണ്. കഴിഞ്ഞ വര്‍ഷം മെയിലാണ് സംഭവം. എന്നാല്‍, ഇതുവരെ ഇക്കാര്യം പുറത്ത് പറഞ്ഞിരുന്നില്ല.ഡേറ്റിംഗ് ചെയ്യാന്‍ നോക്കുന്നുണ്ടോ എന്ന പരസ്യം അടങ്ങുന്ന ലിങ്കില്‍ കയറിയതോടെയാണ് പണം നഷ്ടമായത്.

ഇയാളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടതോടെ കുടുംബം എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. വെബ്സെെറ്റില്‍ രജിസ്റ്റര്‍ ചെയ്തതോടെ മീര എന്ന പേരില്‍ ഒരു സ്ത്രീ പരാതിക്കാരനെ ബന്ധപ്പെട്ടിരുന്നു. രജിസ്റ്റര്‍ ചെയ്യാനുള്ള തുക അടയ്ക്കാനും പ്രീമിയം മെമ്പര്‍ ആകാനുമാണ് ഇവര്‍ ആവശ്യപ്പെട്ടത്.

രജിസ്റ്റർ ചെയ്ത് കഴിഞ്ഞപ്പോൾ മൂന്ന് സ്ത്രീകളുടെ ചിത്രങ്ങള്‍ ഡേറ്റ് ചെയ്യുന്നതായി മീര ഇയാള്‍ക്ക് നല്‍കി. അതില്‍ ഒരാളെ തെരഞ്ഞെടുത്തതോടെ ഒരു വര്‍ഷത്തെ ഡേറ്റിനായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീട് മറ്റ് കാരണങ്ങള്‍ പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടു. അങ്ങനെ 30 ലക്ഷം രൂപ കെെമാറിയതോടെ തെരഞ്ഞെടുത്ത സ്ത്രീയുടെ ഫോണ്‍ നമ്പര്‍ മീര കെെമാറി.

പിന്നീടും പണം ആവശ്യപ്പെട്ടതനുസരിച്ച് ഇയാള്‍ നല്‍കിക്കൊണ്ടിരുന്നു. ഇതു കഴിഞ്ഞ ശേഷമാണ് താന്‍ തട്ടിപ്പിനിരയായതെന്ന് പരാതിക്കാരന് മനസിലായത്. അതോടെ പണം മീരയോട് തിരികെ ആവശ്യപ്പെട്ടു. പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് മീരയുടെ നമ്പറില്‍ വിളിച്ചെങ്കിലും പരിധിക്ക് പുറത്താണെന്ന മറുപടിയാണ് ലഭിക്കുന്നത്. റോസി അഗര്‍വാള്‍ എന്നാണ് ഇവരുടെ പേര് വെളിപ്പെടുത്തിയത്