താരദമ്പതികളായ രൺവീർ സിങിന്‍റെയും ദീപിക പദുക്കോണിന്‍റെയും ഒന്നാം വിവാഹ വാർഷികമായിരുന്നു ഇന്നലെ. ഇരുവരും വിവാഹ വാർഷിക ദിനത്തിൽ ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി.
ഇതിന്‍റെ ചിത്രം ദീപിക തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഞങ്ങൾ വെങ്കിടേശ്വരന്‍റെ അനുഗ്രഹം തേടിയെത്തി. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ആശംസകൾക്കും എല്ലാവർക്കും നന്ദി എന്നായിരുന്നു ദീപിക ഫോട്ടൊയ്ക്കൊപ്പം കുറിച്ചത്.
കാഞ്ചീപുരം സാരിയുടുത്താണ് ദീപിക ക്ഷേത്രദർശനത്തിനെത്തിയത്. സാരിക്ക് ഇണങ്ങുന്ന ടെംബിൾ ജ്വലറിയാണ് ദീപിക ധരിച്ചത്. ദീപികയുടെ ലുക്ക് താരത്തിന്‍റെ വിവാഹ റിസപ്ഷനെ ഓർമിപ്പിക്കുന്നതായിരുന്നു.
ഐവറി കുർത്ത പൈജാമയ്ക്കൊപ്പം ബ്രൊക്കേഡ് ജാക്കറ്റായിരുന്നു രൺവീറിന്‍റെ വേഷം. ക്ഷേത്ര ദർശനത്തിനുശേഷം പുറത്തെത്തിയ രൺവീറിന്‍റെയും ദീപികയുടെയും ചിത്രങ്ങൾ ഇരുവരുടെയും ഫാൻസ് ക്ലബ്ബുകളും ഷെയർ ചെയ്തിട്ടുണ്ട്. ദീപികയുടെയും രൺവീറിന്‍റെയും കുടുംബാംഗങ്ങളും ക്ഷേത്രദർശനത്തിന് ഇരുവർക്കുമൊപ്പം എത്തി.
രൺവീറും ദീപികയും കഴിഞ്ഞ നവംബറിൽ ഇറ്റലിയിലെ ലേക് കോമോയിൽ വച്ചാണ് വിവാഹിതരായത്. ഏഴു വർഷത്തെ ഡേറ്റിങ്ങിനുശേഷമായിരുന്നു വിവാഹം. നവംബർ 14 ന് കൊങ്ങിണി ചടങ്ങിലും 15 ന് പഞ്ചാബി രീതിയിലുമാണ് വിവാഹം നടന്നത്.