കൊച്ചി: മരട് ഫ്ലാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ ഹാജരാകില്ല. മരട് കേസില്‍ കേരളത്തിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ഹാജരാക്കും. ഹരീഷ് സാല്‍വെയുമായി ചീഫ് സെക്രട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും ഭരണഘടന വിദഗദനുമായ വെങ്കട്ട രമണിയും കോടതിയില്‍ ഹാജരാകും.നേരത്തേ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ മേത്തയുടെ നിയമോപദേശം തേടിയിരുന്നു. ഫ്ളാറ്റ് ഉടമകള്‍ക്കു നഗരസഭ നോട്ടീസ് നല്‍കിയത് സോളിസിറ്റര്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണ്.
ഈ മാസം ഇരുപതിനകം ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കി ഇന്ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാവണം എന്നാതായിരുന്നു സുപ്രിം കോടതിയുടെ അന്ത്യശാസനം. അതിനാല്‍ തന്നെ സുപ്രിം കോടതിയിൽ ഇന്ന് ചീഫ് സെക്രട്ടറി ഹാജരാവുമ്പോൾ ഒരേ സമയം ആശങ്കയിലും പ്രതീക്ഷയിലുമാണ് ഫ്ലാറ്റുടമകൾ. സുപ്രീംകോടതി ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട് സർക്കാരിനും ഫ്ലാറ്റ് ഉടമകൾക്കും നിർണായകമാണ്. മരടിൽ തീരദേശ നിയമം ലംഘിച്ചു നിർമിച്ച അഞ്ച് ഫ്ലാറ്റുകൾ കഴിഞ്ഞ വെള്ളിയാഴ്ച്ചയ്ക്കകം പൊളിച്ചുനീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ അന്ത്യശാസനം. എന്നാൽ കോടതിയുത്തരവ് ഇതുവരെ നടപ്പായില്ല. പകരം, ചീഫ് സെക്രട്ടറി ടോം ജോസ് ആറുപേജുള്ള സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു. ഫ്ലാറ്റ് ഉടമകൾക്ക് നോട്ടിസ് നൽകി, പൊളിക്കുന്നതിനുള്ള ടെണ്ടർ നടപടികൾക്ക് തുടക്കമിട്ടു തുടങ്ങി ഇതുവരെ സ്വീകരിച്ച നടപടികൾ സത്യവാങ്ങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ നാലാം നമ്പർ കോടതി വിഷയത്തിൽ ഇന്ന് സ്വീകരിക്കുന്ന നിലപാട് മരടിലെ 343 ഫ്ലാറ്റുടമകൾക്കും സർക്കാരിനും ഏറെ നിർണായകമാകും.
അതിനിടെ മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാമെന്നു കാണിച്ച് സുപ്രീംകോടതിയില്‍ ഹരജി ലഭിച്ചിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള അക്യുറേറ്റ് ഡിമോളിഷേഴ്‌സ് കമ്പനിയാണ് ഹരജി നല്‍കിയത്. കോടതി അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കകം നടപടികള്‍ തുടങ്ങാമെന്നും കമ്പനി കോടതിയെ അറിയിച്ചു. രണ്ട് മാസം കൊണ്ട് ഫ്‌ളാറ്റുകള്‍ പൂര്‍ണ്ണമായും പൊളിച്ചുനീക്കാം. 30 കോടി രൂപയാണ് ഫ്‌ളാറ്റ് പൊളിച്ചുമാറ്റുന്നതിന് കമ്പനി ചെലവ് പ്രതീക്ഷിക്കുന്നത്. മലിനീകരണം ഉണ്ടാവില്ലെന്നും കമ്പനി കോടതിയില്‍ അറിയിച്ചു. ടെണ്ടര്‍ വിളിച്ചെങ്കിലും സര്‍ക്കാര്‍ നടപടികളില്‍ പുരോഗതിയില്ലെന്നും കമ്പനി നല്‍കിയ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.