പ്രത്യാഘാതങ്ങളെ അറിഞ്ഞു കൊണ്ട് നിങ്ങളുടെ പണം നിക്ഷേപിക്കുക

0

പ്രത്യാഘാതങ്ങളെ അറിഞ്ഞു കൊണ്ട്  നിങ്ങളുടെ പണം നിക്ഷേപിക്കുക – രഞ്ജിത്ത് കാർത്തികേയൻ, ചാർട്ടേഡ്  അക്കൗണ്ടൻറ്

ഉയർന്ന മൂല്യമുള്ള കറൻസി നോട്ടുകൾ പിൻവലിക്കുവാനുള്ള മോദി സർക്കാരിന്റെ തീരുമാനം ഒറ്റരാത്രികൊണ്ട് ഉണ്ടായ ഒന്നല്ല. 2014 – ൽ സർക്കാർ അധികാരത്തിലേറിയത് മുതൽ അതിനുള്ള വ്യക്തമായസൂചനകൾ നൽകിയിരുന്നു.

ബാങ്കിങ് സേവനങ്ങൾ, വായ്പ സൗകര്യങ്ങൾ, ഇൻഷുറൻസ്, പെൻഷൻ തുടങ്ങി വിവിധ സാമ്പത്തികസേവനങ്ങൾ രാജ്യത്തെ എല്ലാ ജനങ്ങൾക്കും പ്രാപ്തമായ രീതിയിൽ ലഭ്യമാക്കുന്നതു ലക്ഷ്യമിട്ടു  2014 ഓഗസ്റ്റ്  28നു പ്രധാനമന്ത്രി നരേന്ദ്ര മോദി ജൻ ധൻ യോജന പ്രഖ്യാപിക്കുമ്പോൾതന്നെ കള്ളപ്പണത്തിനെതിരെ കർശന നടപടികൾ ഉണ്ടാകും എന്നതിന്റെ വ്യക്തമായ സൂചന കൂടിയായിരുന്നു.

ഈ പദ്ധതിയിലൂടെ 2016 ഓഗസ്റ് അവസാനമാകുമ്പോഴേക്ക് പൊതുമേഖലാ ബാങ്കുകളിൽ 24 കോടി അക്കൗണ്ടുകൾ തുറക്കപ്പെടുകയും റീജണൽ റൂറൽ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലുമായി 41,789.53കോടി രൂപയുടെ (USD 6.2 billion) നിക്ഷേപം സമാഹരിക്കാൻ സാധിക്കുകയും ചെയ്തു എന്നത് നിസ്സാര കാര്യമല്ല.

ഈ പദ്ധതിക്കു കീഴിൽ വിതരണം ചെയ്ത 18.92 കോടി റുപേ ഡെബിറ്റ് കാർഡുകൾ (RuPay Debit Cards) കടലാസ്സുപണം ഇല്ലാതെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് ഉപയോക്താവിനെ പ്രാപ്തനാക്കുന്നു.ഭാരതത്തിലെ ഓരോ കുടുംബത്തിനും ബാങ്ക് അക്കൗണ്ട് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അത് ഒരു ദേശീയ തലത്തിലുള്ള മുൻഗണനാ വിഷയമായി പരിഗണിക്കേണ്ടതിനെ കുറിച്ചും  ജൻ ധൻ യോജന നിരുപാധികം പ്രഖ്യാപിക്കുന്നു.

ഈ സമയത്തെല്ലാം 2016 ഓഗസ്റ്റ് വരെ പ്രധാനമന്ത്രി, സ്വയമേവ, തന്റെ നിരവധി പ്രഭാഷണങ്ങളിലൂടെ നാമോരോരുത്തരോടും മുഖ്യധാരാ സമ്പദ് ഘടനയുടെ ഭാഗമാകുവാൻ ഉദ്‌ബോധിപ്പിച്ചു കൊണ്ടിരുന്നു.

ഈ സമയത്താണ് കറൻസി നോട്ടുകളുടെ ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തെ മുന്നിൽ കണ്ടുകൊണ്ട് 2016  ഓഗസ്റ്റിൽ Unified Payment Interface (UPI) എന്ന പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നത്. ഭാരതീയ റിസർവ് ബാങ്കിൻറെ പിന്തുണയുള്ള ഈ പദ്ധതി, ഒരു മൊബൈൽ ഫോൺ മെസ്സേജിന്റെ ചിലവിൽ,സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ ഏതാണ്ട് എല്ലാ തരത്തിലുമുള്ള സാമ്പത്തിക ക്രയവിക്രയങ്ങളെ  സാധ്യമാക്കുന്നു.

കറൻസി നോട്ടുകൾ കൊണ്ട് വ്യവഹാരങ്ങൾ നടത്തുന്നതിനു വർഷാവർഷം RBI യും മറ്റു പൊതു സ്വകാര്യ മേഖലാ  ബാങ്കുകളും ചേർന്ന് ചെലവിടുന്നത് ഏകദേശം 22000 കോടി രൂപയാണെന്നനാണ് കണക്ക്. ഈ കണക്കാണ് UPI യുടെ ആവശ്യകതയിലേക്കു വിരൽ ചൂണ്ടുന്നത്. 98 % ചെറുകിട വാണിജ്യ സംരംഭങ്ങൾ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിലേക്ക് മാറാത്ത പക്ഷം UPI വിജയിക്കുവാനുള്ള സാധ്യത തീരെ കുറവാണെന്നു കരുതപ്പെടുന്നു. അതിനാൽ അവരെ മുഴുവൻ  ഈ  സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനായി നിർബന്ധ പൂർവ്വം എടുക്കുന്ന ഒരു നടപടിയുടെ ഭാഗമായിട്ടു കൂടി വേണം ഇപ്പോൾ കറൻസി നോട്ടുകൾ പിൻവലിച്ചതിനെ കാണേണ്ടത്.

പ്രതിവർഷം ഏകദേശം 95 ലക്ഷം കോടി രൂപയുടെ ക്രയവിക്രയങ്ങൾ നടക്കുന്ന ഇന്ത്യയിൽ വളരെ വലിയ തോതിലുള്ള മാറ്റങ്ങളായിരിക്കും UPI നടപ്പിലാക്കുന്നതോടെ ഉണ്ടാവുക. വിലയേറിയ കടലാസ് പണത്തിന്റെ ഉപയോഗത്തിൽ കുറവുണ്ടാകുന്നു എന്നാൽ അത്രയും ചിലവും കുറയുന്നു എന്നാണ്. എന്നാൽ അതെ സമയം തന്നെ UPI യുടെ വിവര സാങ്കേതിക സംവിധാനത്തിൽ രേഖപ്പെടുത്തപ്പെട്ടtransaction data തീർച്ചയായും ടാക്സ് വെട്ടിപ്പടക്കമുള്ള സാമ്പത്തിക കുറ്റ  കൃത്യങ്ങൾ തടയുന്നതിന് വൻതോതിൽ സഹായകമാവുകയും ചെയ്യും.

“Income Declaration Scheme- 2016” എന്ന പേരിൽ  ഗവണ്മെന്റിന്റെ  അന്തിമ ശാസനം വന്നത് Central Board of Direct Taxes (CBDT) വഴിയാണ്. ഈ നീക്കത്തിലൂടെ ഏതൊരു പൗരനും അനധികൃത സ്വത്തുണ്ടെങ്കിൽ അത് വെളിപ്പെടുത്തുകയും 45 % ടാക്സ് നൽകി നിർദോഷകരമായി നിയമ നടപടികൾ ഒന്നുമില്ലാതെ പുറത്തു വരുന്നതിനുള്ള സൗകര്യവുമാണ് സർക്കാർ ചെയ്തു നൽകിയത്. “സെപ്റ്റംബർ 30 നു ശേഷം കള്ളപ്പണത്തിന്മേൽ ഉണ്ടാകുവാൻ പോകുന്ന ഉറച്ച തീരുമാനങ്ങളിൽ എന്നെ കുറ്റപ്പെടുത്തരുത് ” എന്ന് മോദി തന്നെ പറഞ്ഞതും ഇത്തരുണത്തിൽ സ്മരണീയമാണ്.

ഇതിന്റെ ഫലമായി 65250 കോടി രൂപയുടെ അപ്രഖ്യാപിത സ്വത്തുക്കൾ വെളിപ്പെടുത്തുകയും അതിനു മേൽ ഗവണ്മെന്റിനു നികുതി ലഭിക്കുകയും ചെയ്തു.

എന്നാൽ മുമ്പത്തെപ്പോലെ ഹോണസ്റ്റി ടാക്സ്  (Honesty-tax) അടച്ചു രക്ഷപ്പെടാൻ ഇനിയും അവസരങ്ങൾ ലഭിക്കുമെന്ന് കരുതി പലരും ഇതിനോട് വിമുഖത കാട്ടി. ബുദ്ധിമാന്മാരെന്നു സ്വയം കരുതിയ അവർ ഈ അവസരത്തെ അവഗണിക്കുകയും കള്ളപ്പണം ശേഖരിക്കുന്നത് തുടരുകയും ചെയ്തു.

പക്ഷെ ഇത്തവണ അത് അധികം നീണ്ടു നിന്നില്ല.

2016 നവംബർ 8 നു ഡീമോണിറ്റൈസേഷനെ സംബന്ധിച്ചുള്ള മോദിയുടെ നാടകീയമായ  പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ ഇന്ത്യയെ മാത്രമല്ല മുഴുവൻ ലോകരാഷ്ട്രങ്ങളെയും ഞെട്ടിച്ചു കളഞ്ഞു. നിലവിൽ വിനിമയത്തിലിരിക്കുന്ന 85% ലീഗൽ ടെൻഡർ റദ്ദാക്കിക്കൊണ്ടുള്ള ഈ നടപടിയെ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ധീരമായ ഒരു സർജിക്കൽ സ്ട്രൈക്ക് എന്ന് തന്നെ വിശേഷിപ്പിക്കുന്നതിൽ മറിച്ചൊരു അഭിപ്രായമുണ്ടാകില്ല.

ഇന്ത്യക്കകത്തും പുറത്തും പലർക്കുമിപ്പോൾ ഒളിച്ചിരിക്കാൻ പോലും ഇടമില്ലാത്ത സ്ഥിതിയാണ്.

ഇത്തവണത്തെ ഡീമോണിറ്റൈസേഷൻ 500 ന്റെയും 1000 ന്റെയും കറൻസി നോട്ടുകൾ കൈവശം വച്ചിരിക്കുന്നവർക്കു അത്  തത്തുല്യമായ മറ്റു ഡിനോമിനേഷനുകളിലേക്കു മാറ്റി വാങ്ങുന്നതിനു 2016 ഡിസംബർ 30 വരെ സമയം നൽകിയിട്ടുണ്ട്. ഈ സമയ പരിധി ഒരു പക്ഷെ അപര്യാപ്തമായേക്കാം. എന്നാൽ തീവ്രവാദം പോലുള്ള പ്രവർത്തനങ്ങളെ നേരിടുന്നതിനുള്ള നടപടികളും കുറച്ചു കടുപ്പമുള്ളതു തന്നെയാകും.

ഡീമോണിറ്ററിസഷൻ എന്തു കൊണ്ടാണെന്നും എങ്ങനെയെന്നും അതിന്റെ അനന്തര ഫലങ്ങളെന്തെന്നും  നമ്മൾ ചർച്ച ചെയ്തു കഴിഞ്ഞു. രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിനായി ഇത്തരം ധീരമായ നടപടികൾ അത്യന്താപേക്ഷിതമാണെന്നതും സുവിദിതമാണ്. എപ്പോഴും മോദിയെ അത്യുച്ചത്തിൽ വിമർശിച്ചു കൊണ്ടിരിക്കുന്ന ആളുകൾ പോലും  വാസ്തവത്തിൽ ഈ സാഹസികമായ തീരുമാനത്തിന്റെ പേരിൽ അദ്ദേഹത്തെ അനുമോദിക്കുന്നു.

അടുത്തതായി, കണക്കിൽ പെടാത്ത പണം അക്കൗണ്ടിൽ നിക്ഷേപിച്ചാൽ എന്താണ് സംഭവിക്കുക?

നിക്ഷേപങ്ങളെ ഏതു തരത്തിൽ ഗവണ്മെന്റ് കൈകാര്യം ചെയ്യുമെന്ന ചോദ്യത്തിന് ധനമന്ത്രി അരുൺ ജെയ്‌റ്റലി പത്ര സമ്മേളനത്തിൽ കൃത്യമായ ഉത്തരം നൽകുകയുണ്ടായി. നിക്ഷേപങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തിൽ നിലവിലുള്ള ആദായ നികുതി നിയമത്തിൽ (Income Tax Act ) പ്രതിപാദിക്കുന്നുണ്ട്. കണക്കിൽ പെടുന്നതിനെയും കണക്കിൽ പെടാത്തതിനെയും അത് കൃത്യമായി നിർവ്വചിക്കുന്നുണ്ട്. പണം കണക്കിൽപ്പെടുന്നതും അതിന്റെ ഉറവിടത്തെ  കുറിച്ച്  ആദായ നികുതി വകുപ്പിന് നിങ്ങൾ നൽകുന്ന വിശദീകരണം തൃപ്തികരവും വ്യക്തവുമാണെങ്കിൽ നിങ്ങൾക്ക് തലയുയർത്തിപ്പിടിച്ചു തന്നെ ബാങ്കിൽ ചെന്ന് പണം നിക്ഷേപിക്കാം, സത്യസന്ധമായിത്തന്നെ.

എന്നാൽ നികുതി കൊടുക്കാതെ നിങ്ങൾ ചേർത്ത് വച്ച ആ 500 ന്റെയും 1000 ന്റെയും നോട്ടുകളുടെ അവസ്ഥ എന്താകും? കയറുവാൻ അവസരമുണ്ടായിട്ടും കടന്നു പോയത് അവസാനത്തെ ബസ്സാണെന്നു തിരിച്ചറിയാതെ വീണ്ടും ബസ് കാത്തു നിൽക്കുന്ന യാത്രക്കാരന്റെ അവസ്ഥയാണ് നിങ്ങളുടേത്.

ഇനി, നവംബർ 10  മുതൽ ഡിസംബർ 30 വരെയുള്ള കാലയളവിൽ ഡീമോണിറ്റൈസ് ചെയ്ത പണം നിങ്ങൾ ബാങ്കിൽ നിക്ഷേപിച്ചാൽ എന്താണ് സംഭവിക്കുക?

നിങ്ങൾ നിക്ഷേപിക്കുന്ന തുക 250000 രൂപക്ക് മുകളിലായാൽ ആദായ നികുതി വകുപ്പിന് അതേക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയും അവർ അതിന്മേൽ നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്യും. നിക്ഷേപവും നിക്ഷേപകന്റെ വരുമാനവും തമ്മിലുള്ള അന്തരത്തെ കുറിച്ച്  റെവന്യു സെക്രട്ടറി ഹാസ്മുഖ് ആധിയ പറഞ്ഞത് ഇപ്രകാരമാണ്, “ആദായ നികുതി നിയമത്തിന്റെ സെക്‌ഷൻ  270 (A) പ്രകാരം ഇത് നികുതി വെട്ടിപ്പായി കണക്കാക്കുകയും നികുതിയും അടക്കേണ്ട നികുതിയുടെ 200%പിഴയും ചേർത്തുള്ള തുക അടക്കേണ്ടതായും വരും.”

അതുകൊണ്ടു പണവും എടുത്തു കൊണ്ട് ബാങ്കിലേക്ക് ഓടുന്നതിനു മുൻപായി അല്പം ചില കണക്കു കൂട്ടലുകളൊക്കെ നടത്തി നോക്കുക. നിങ്ങൾ നിക്ഷേപിക്കുവാൻ പോകുന്ന തുക തീർത്തും നിങ്ങളുടെ വരുമാന സ്രോതസ്സുകളുടെ പരിധിക്കുള്ളിലാണെന്ന്  ഉറപ്പു വരുത്തുക.  Income Declaration Scheme- 2016 പ്രകാരം സെപ്റ്റംബർ 30 മുൻപായി അത് വെളിപ്പെടുത്താൻ സാധിക്കാതിരുന്നതിനു ഇൻകം ടാക്സ് അസ്സസിംഗ് ഓഫീസറെ ബോധിപ്പിക്കുന്നതിനായി യുക്തമായ ഒരു കാരണം കണ്ടെത്തുക.

നികുതിദായകൻ സഹകരിക്കുകയും  പൂഴ്ത്തി വച്ചിരിക്കുന്ന പണം വെളിപ്പെടുത്തുകയും ചെയ്യുന്ന പക്ഷം ആദായ നികുതി വകുപ്പിന്റെ സമീപനം മയമുള്ളതായിരിക്കും. പിഴ ഒഴിവാക്കുക എന്നത് ഒരു കാരണവശാലും നികുതിദായകന്റെ അവകാശങ്ങളിൽ വരുന്നില്ലെങ്കിൽകൂടി സാഹചര്യങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ അതിനു മാറ്റമുണ്ടാകാം. 200% പിഴ എന്നത്  ഇൻകം ടാക്സ്  കമ്മീഷണർക്കു വേണമെങ്കിൽ ഒഴിവാക്കുകയോ കുറച്ചു തരികയോ ചെയ്യാം. പക്ഷെ നിങ്ങൾ സ്വമേധയാ വരുമാനം വെളിപ്പെടുത്തുകയും ആദായ നികുതി വകുപ്പിന്റെ നടപടി ക്രമങ്ങളിൽ സഹകരിക്കുകയുംകൊടുക്കാനുള്ള നികുതിയും പലിശയുമെല്ലാം കൃത്യമായി അടക്കുകയും ചെയ്തെങ്കിൽ മാത്രമേ ഇതിലേക്കായി പരിഗണിക്കപ്പെടൂ.

നിയമ നടപടികളുമായി മുന്നോട്ടു പോകുക എന്നതും ഒരു മാർഗ്ഗമാണ്. പക്ഷെ അത് വളരെ ചെലവേറിയതും, കാലതാമസമുള്ളതും,  ശ്രമകരവുമായിരിക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ സെക്‌ഷൻ 270 (A) പ്രകാരമുള്ള പിഴയെ പ്രതിരോധിക്കുന്നതിനും മറ്റു വകുപ്പുകൾ പ്രകാരമുള്ള പ്രോസിക്യുഷൻ ഒഴിവാക്കുന്നതിനും നിങ്ങൾ നടത്തുന്ന ഒരു ഭാഗ്യപരീക്ഷണം മാത്രമായിരിക്കും അത്. അങ്ങനെയൊരു നീക്കം തികച്ചും സാഹസികമായിരിക്കും.

വരുമാന സ്രോതസ്സിനെ കുറിച്ചു നിങ്ങൾക്ക് വിശദീകരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങൾ നിക്ഷേപിച്ചിരിക്കുന്ന പണത്തെക്കുറിച്ചു ഇൻകം ടാക്സ്  ഓഫീസറുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ തയ്യാറായിരിക്കുക. ഒരു പക്ഷെ നിങ്ങൾക്ക് ലഭിക്കുന്ന നോട്ടീസ് നടപ്പു വർഷത്തെ നിങ്ങളുടെ സാമ്പത്തിക ക്രയവിക്രയങ്ങൾ കുറിച്ചാവണമെന്നില്ല. അത് കഴിഞ്ഞ 6 വർഷം മുൻപ് വരെ നടന്ന ക്രയവിക്രയങ്ങളെ കുറിച്ചാകാം.

രണ്ടു വട്ടം ചിന്തിക്കുക, വിദഗ്ധോപദേശം തേടുക, നിങ്ങളുടേതായ രീതിയിൽ കണക്കു കൂട്ടലുകൾ നടത്തുക. അതിനു ശേഷം മാത്രം അവിഹിതമായി സമ്പാദിച്ച ധനം നിക്ഷേപിക്കുന്നതിനെ കുറിച്ചു ആലോചിക്കുക.

ലേഖകൻ തിരുവനന്തപുരത്തെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും കോർപ്പറേറ്റ് കൺസൾട്ടന്റുമാണ്

Email:[email protected]

ranjith