കറന്‍സിരഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ‘ഭാഗ്യക്കുറി’ പരീക്ഷണത്തിന് തയാറെടുത്ത് കേന്ദ്രസര്‍ക്കാര്‍.

0

രാജ്യത്തെ കറന്‍സിരഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഭാഗ്യക്കുറി’ പരീക്ഷണത്തിന് തയാറെടുത്ത് കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവരില്‍നിന്ന് നറുക്കിട്ട് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനം നല്‍കുന്ന പദ്ധതിയാണ് പരിഗണിക്കുന്നത്. ആസൂത്രണ കമ്മിഷന് പകരമായി മോദി സര്‍ക്കാര്‍ രൂപം നല്‍കിയ നീതി ആയോഗാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. നിശ്ചിത സംഖ്യയില്‍ കൂടുതലുള്ള തുകയ്ക്ക് പണമിടപാട് നടത്തിയവരെയാണ് നറുക്കെടുപ്പിന് പരിഗണിക്കുകയെന്നാണ് പ്രാഥമിക വിവരം.

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള പ്രോത്സാഹനമെന്ന നിലയില്‍ ഇത്തരം ഇടപാടുകള്‍ നടത്തുന്നവര്‍ക്കായി ഒരു സമ്മാന പദ്ധതി രൂപീകരിക്കാന്‍ രാജ്യത്തെ റീട്ടെയില്‍ പേമെന്റ് സംവിധാനത്തിനുള്ള ഉന്നത ഏജന്‍സിയായ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയോട് (എന്‍പിസിഐ) നീതി ആയോഗ് ആശ്യപ്പെട്ടു. ഇതിനായി മാത്രം 125 കോടി രൂപ വകയിരുത്തിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയെ കറന്‍സി രഹിത സമ്പദ് വ്യവസ്ഥയാക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്‍പിസിഐ ആണ്.

രണ്ടു തരത്തിലുള്ള നറുക്കെടുപ്പുകളാണ് പരിഗണിക്കുന്നത്. ഓരോ ആഴ്ചയിലും ഡിജിറ്റല്‍ പണിമിടപാട് നടത്തുന്നവരുടെ പേരുവിവരങ്ങള്‍ ചേര്‍ത്ത് ആഴ്ചതോറുമുള്ളതാണ് ആദ്യത്തെ നറുക്കെടുപ്പ്. ഇതിനുപുറമെ, ബമ്പര്‍ സമ്മാനങ്ങളുമായി നിശ്ചിത കാലാവധി കൂടുമ്പോള്‍ പ്രത്യേകം നറുക്കെടുപ്പും നടത്തും. നറുക്കെടുപ്പ് പദ്ധതിക്കു രൂപം നല്‍കുമ്പോള്‍ സമൂഹത്തിലെ പാവപ്പെട്ടവര്‍, മധ്യവര്‍ഗ കുടുംബങ്ങള്‍, ചെറുകിട വ്യാപാരികള്‍ എന്നിവരെ പ്രത്യേകം കണക്കിലെടുക്കാന്‍ നീതി ആയോഗ് എന്‍പിസിഐയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ തരത്തിലുമുള്ള ഡിജിറ്റല്‍ പണമിടപാടുകളും ഈ നറുക്കെടുപ്പ് പദ്ധതിയുടെ ഭാഗമാക്കും. വ്യാപാരികളെ സംബന്ധിച്ചിടത്തോളം അവരുടെ പിഒഎസ് മെഷീനുകളിലെ പണമിടപാടുകളും പരിഗണിക്കും. പദ്ധതിയുടെ മുഴുവന്‍ വിശദാംശങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്ന് നീതി ആയോഗ് അറിയിച്ചു.