മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ ആമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വെള്ളിത്തിരയിൽ പുതുമകൊണ്ടും ആശയംകൊണ്ടും അനശ്വരത സൃഷ്‌ടിച്ച സംവിധായകരിലൊരാളായിരുന്നു സിദ്ധിഖ്. മലയാളത്തിന്റെ കോമഡി ജോണര്‍ സിനിമകളില്‍ വഴിത്തിരിവ് സൃഷ്‍ടിച്ച സിദ്ദിഖ് കലാലോകത്തിന് എക്കാലവും ഓർത്തിരിക്കാൻ പാകത്തിന് ഒത്തിരി പൊട്ടിച്ചിരിപ്പിക്കുന്ന ഓർമ്മകൾ സമ്മാനിച്ചാണ് വിടവാങ്ങുന്നത്.
നാട്ടിലെ നാടക സംഘങ്ങളിലൂടെ ആയിരുന്നു സിദ്ദിഖ് കലാലോകത്തേയ്‍ക്ക് കടന്നുവരുന്നത്. തുടര്‍ന്ന് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ കലാകരനായി തിളങ്ങി. മിമിക്സ് പരേഡ് കാലം തൊട്ടേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ദിഖ് ഒരു ചലച്ചിത്ര സംവിധായകനായി അരങ്ങേറുന്നത്. തിരക്കഥാകൃത്തായിട്ടായിരുന്നു ലാലും സിദ്ദിഖും സിനിമയില്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലൂടെ മലയാള സിനിമാ സംവിധാന രംഗത്ത് സ്വയം അടയാളപ്പെടുത്തിയ സംവിധായകൻകൂടിയാണ് അദ്ദേഹം. മലയാളസിനിമ അന്നോളം ആസ്വദിച്ചിട്ടില്ലാത്ത ചിരിയുടെ ഒരു പൂക്കാലം തന്നെ ഈ കൂട്ടുകെട്ടിൽ പിറന്നു എന്നുതന്നെ പറയാം.
സംവിധായകൻ ഫാസിലിന്റെ സഹായിയായിട്ടായിരുന്നു സിദ്ദിഖിന്റെ സിനിമാ പ്രവേശം. സിദ്ദിഖ് – ലാല്‍ കോമ്പോ മോഹൻലാല്‍ ചിത്രമായ ‘പപ്പൻ പ്രിയപ്പെട്ട പപ്പനി’ലൂടെ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലൂടെയാണ് ആദ്യമായി തിരക്കഥാകൃത്തുക്കളാകുന്നത്. മോഹൻലാലിന്റെ ‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിന്റെ കഥാകൃത്തുക്കളായും സിദ്ദിഖും ലാലും തിളങ്ങി. സംവിധായകര്‍ എന്ന നിലയില്‍ ആദ്യ ചിത്രം ‘റാംജി റാവു സ്‍പീക്കിംഗ് ആയിരുന്നു.
സത്യന്‍ അന്തിക്കാടിന്റെയും സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്റെയും സംവിധാനത്തില്‍ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, നാടോടിക്കാറ്റ്, റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, മക്കള്‍ മാഹാത്മ്യം, കാബൂളിവാല, മാന്നാര്‍ മത്തായി സ്പീക്കിങ്, അയാള്‍ കഥയെഴുതുകയാണ്, ക്രോണിക് ബാച്ചിലര്‍, ഫ്രണ്ട്‌സ്, കിംഗ് ലെയര്‍, ബോഡി ഗാര്‍ഡ്, മക്കള്‍ മാഹാത്മ്യം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു.
1993-ൽ കാബൂലിവാലയിലൂടെ സിദ്ദീഖ്-ലാൽ ഹിറ്റ് ജോഡികൾ വേർപിരിഞ്ഞെങ്കിലും ബോക്സ്ഓഫിസിൽ സിദ്ദീഖ് ഹിറ്റുകൾ ആവർത്തിച്ചുകൊണ്ടിരുന്നു. . സിദ്ദീഖ്-ലാൽ കൂട്ടുകെട്ട് വേർപിരിഞ്ഞതിനു ശേഷം സിദ്ദീഖ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിർമിച്ച ഹിറ്റ്ലർ. സ്വാഭാവികമായും സിദ്ദീഖിനെ സംബന്ധിച്ചിടത്തോളം സംവിധായകനായും തിരക്കഥാകൃത്തായും തന്റെ കഴിവ് തെളിയിക്കേണ്ട ചിത്രം കൂടിയായിരുന്നു ഹിറ്റ്ലർ. പ്രേക്ഷകരുടെയും നിരൂപകരുടെയും സംശയങ്ങളെയെല്ലാം എഴുതി തള്ളി ഹിറ്റ്ലർ ബോക്സ് ഓഫിസിൽ തരംഗമായി.
മമ്മൂട്ടിയുടെ ഹിറ്റ്ലർ മാധവൻക്കുട്ടി ട്രെൻഡിങായി. ആ വർഷത്തെ ഏറ്റവും ഗ്രോസ് കലക്‌ഷൻ നേടിയ ചിത്രങ്ങളിലൊന്നായി അത് മാറി. ചിത്രത്തിന്റെ നിര്‍മാണത്തില്‍ ലാലും പങ്കാളിയായി. മലയാളത്തിന്റെ ചിരിവിരുന്നായ ‘ഫ്രണ്ട്‍സ്’ സിദ്ദിഖിന്റെ സംവിധാനത്തില്‍ തമിഴിലും ഹിറ്റായി. ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സൗഹൃദത്തിന്റെ ട്രാക്കിൽ സിദ്ദീഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം, കോമഡിക്കൊപ്പം ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞ ചിത്രം 99-ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറി. നിർമാതാവിനു അഞ്ച് ഇരട്ടിയിലധികം ലാഭം നേടികൊടുത്ത ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. സിദ്ദീഖ് തന്നെയായിരുന്നു അതേ പേരിൽ തന്നെ തമിഴേലേക്ക് റീമേക്ക് ചെയ്യപ്പെട്ട സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചത്. തമിഴിലെ തന്റെ അരങ്ങേറ്റവും സിദ്ദീഖ് ഗംഭീരമാക്കി.
ഹിറ്റ്ലറിനു ശേഷം മമ്മൂട്ടിയും സിദ്ദീഖും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ക്രോണിക്ക് ബാച്ചിലർ. ‘എങ്കൾ അണ്ണാ’ എന്ന പേരിൽ സിദ്ദീഖ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തു. കോമഡിയും തനിക്ക് വഴങ്ങുമെന്നു വിജയകാന്ത് തെളിയിച്ച ചിത്രം കൂടിയായിരുന്നു അത്.ക്രോണിക് ബാച്ചിലർ കഴിഞ്ഞു നീണ്ട ഇടവേളയ്ക്കു ശേഷം സിദ്ദീഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബോഡി ഗാർഡ്. ദിലീപും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം സൂപ്പർഹിറ്റായി.
തമിഴിൽ വിജയ്‌യെ നായകനാക്കി കാവലൻ എന്ന പേരിലും ഹിന്ദിയിൽ ബോഡിഗാർഡ് എന്ന പേരിൽ തന്നെ സൽമാൻ ഖാനെയും നായകനാക്കി സിദ്ദീഖ് ഒരുക്കിയ റീമേക്കുകൾ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായി മാറുന്ന കാഴ്ചയ്ക്കാണ് പിന്നീട് ഇന്ത്യൻ സിനിമ സാക്ഷിയായത്.’ഫുക്രി’, ‘ബിഗ് ബ്രദര്‍’ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ സിദ്ധിഖ് നടനായും എത്തിയിട്ടുണ്ട്. സിദ്ദീഖിന്റെ ചലച്ചിത്ര കരിയറിൽ പ്രേക്ഷകരെ നിരാശപ്പെടുത്തിയതും സാമ്പത്തികമായും പരാജയപ്പെട്ടതുമായ സിനിമകൾ വിരളമാണെന്നു പറയാം.
എറണാകുളം ജില്ലയില്‍ കലൂരില്‍ ഇസ്മയില്‍ റാവുത്തറുടെയും സൈനബയുടെയും മകനായി 1954 മാര്‍ച്ച് 25നാണ് സിദ്ദിഖിന്റെ ജനനം. കളമശ്ശേരി സെന്റ് പോള്‍സ് കോളജ്, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.