മലേഷ്യയിൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ച മലയാളി സ്ത്രീ, പണ്ട് ഊട്ടിയിൽ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ പയ്യന്നൂർ സ്വദേശിനി ഡോ.ഓമനയാണെന്ന സംശയത്തിൽ പൊലീസ്.മലേഷ്യയിലെ സുബാങ് ജായ സേലങ്കോർ എന്ന സ്ഥലത്തു കെട്ടിടത്തിൽ നിന്നു വീണു മരിച്ച അജ്ഞാത സ്ത്രീയുടെ ചിത്രം സഹിതം അവിടത്തെ ഇന്ത്യൻ ഹൈകമ്മിഷൻ കേരളത്തിലെ പത്രങ്ങളിൽ കഴിഞ്ഞ ദിവസം പരസ്യം നൽകിയിരുന്നു. പടം കണ്ടു സംശയം തോന്നിയ ചിലരാണു പൊലീസിനെ അറിയിച്ചത്. മലേഷ്യയില്‍ നിന്ന് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതായിരുന്നു ഓമന.1996 ജൂലൈ ഒന്നിനാണ് പയ്യന്നൂരിലെ കരാറുകാരനായ കാമുകന്‍ മുരളീധരനെ ഊട്ടിലെ ലോഡ്ജില്‍ വച്ച് ഓമന കൊലപ്പെടുത്തുന്നത്. 2001 ജനുവരിയിലാണ് ഓമന ജാമ്യത്തിലിറങ്ങിയത്. എന്നാല്‍ കഴിഞ്ഞ 16കൊല്ലമായി ഇവര്‍ ഒളിവിലായിരുന്നു.കൊലപാതകം നടക്കുമ്പോള്‍ 43 വയസുണ്ടായിരുന്നു ഡോ. ഓമനയ്ക്ക്. ഓമന വിവാഹമോചനം നേടി കഴിയുന്ന സമയത്താണ് പി. മുരളീധരന്‍ എന്ന കരാറുകാരനുമായി പരിചയപ്പെട്ടത്. അയാള്‍ തന്നില്‍ നിന്ന് അകലുന്നുവെന്ന് തോന്നിയപ്പോഴായിരുന്നു കൊല നടത്തിയത് എന്നാണ് അന്ന് ഓമന പൊലീസിന് നല്‍കിയ മൊഴി. ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ഇവര്‍ മലേഷ്യയില്‍ ഉണ്ടെന്ന വിവരത്തെതുടര്‍ന്ന് ഇന്റര്‍പോളിന് കേസ് കൈമാറിയിട്ടും ഫലമുണ്ടായില്ല. പ്രതിക്കായി ഇന്റര്‍പോള്‍ രാജ്യത്തെ പ്രധാനസ്‌ഥലങ്ങളിലും പോലീസ് സ്‌റ്റേഷനുകളിലും പതിച്ച റെഡ് കോര്‍ണര്‍ നോട്ടീസ് ഇപ്പോഴുമുണ്ട്.2001ൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഓമന വ്യാജപാസ്പോർട്ടിൽ മലേഷ്യയിലേക്കു കടന്നതായി സൂചനയുണ്ടായിരുന്നു.