ലോക പ്രശസ്തമായ അഡിഹെക്സില്‍ (അബുദാബി ഇന്റര്‍ നാഷണല്‍ ഹണ്ടിംഗ് ആന്‍റ് എക്വിസ്ട്ര്യന്‍ എക്സിബിഷന്‍) തുടര്‍ച്ചയായി പതിനാറു തവണ പങ്കെടുക്കുന്ന ഒരാള്‍. ഡോക്ടര്‍ സുബൈര്‍ മേടമ്മല്‍. എമിറെറ്റ്സ് ഫാല്‍കണ്‍ ക്ലബ്ബിന്‍റെ പ്രത്യേക ക്ഷണിതാവായ അദ്ദേഹം ഇന്ത്യയുടെ പ്രതിനിധിയായാണ് എക്സിബിഷനില്‍ പങ്കെടുക്കുന്നത്. ലോകത്തിന്‍റെ നാനാ കോണുകളില്‍ നിന്നുമായി നൂറില്‍ കൂടുതല്‍ രാഷ്ട്രങ്ങളുടെ പ്രതിനിധികളാണ് അഡിഹെക്സില്‍ പങ്കെടുക്കുന്നത്
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ്റ് പ്രൊഫസര്‍ ആയ ഡോക്ടര്‍ സുബൈര്‍, പ്രാപ്പിടിയന്‍പക്ഷിയുടെ പഠനത്തില്‍ അതീവതല്‍പ്പരനാണ്. 2002 മുതല്‍ എമിറെറ്റ്സ് ഫാല്‍കണ്‍ ക്ലബ്ബില്‍ അറബിവംശജന്‍ അല്ലാത്ത ഒരേ ഒരംഗം ഇദ്ദേഹം മാത്രമാണ്. ഫാല്‍ക്കണ്‍ പക്ഷികളെക്കുറിച്ച് രണ്ടു ദശകങ്ങളിലേറെയായി പഠനം നടത്തുന്ന അദ്ദേഹം “ബയോളജി ആന്‍റ് ബിഹേവിയര്‍ ഓഫ് ഫാല്‍കണ്‍സ് എന്ന പുസ്തകത്തിന്റെ രചയിതാവാണ്. കൂടാതെ കുറെ വര്‍ഷങ്ങളുടെ ഗവേഷണങ്ങള്‍ക്ക് ശേഷം “ഫാല്‍കണ്‍സ് ആന്‍ഡ് ഫാല്‍കണറി ഇന്‍ മിഡില്‍ ഈസ്റ്റ്” എന്ന ഡോക്യുമെന്‍ററിയും സംവിധാനം ചെയ്തിട്ടുണ്ട്. ഫാല്‍ക്കണ്‍ പക്ഷികളുടെ, വളരെ വിരളമായി മാത്രം പുറപ്പെടുവിക്കുന്ന ശബ്ദങ്ങളടക്കം പതിനഞ്ചോളം ശബ്ദങ്ങള്‍ റിക്കോഡ് ചെയ്ത ഏകവ്യക്തി ഇദ്ദേഹമാണ്. അന്താരാഷ്ട്രതലത്തില്‍ അനേകം പ്രബന്ധങ്ങള്‍ ഡോക്ടര്‍ സുബൈര്‍ പല വേദികളിലായി അവതരിപ്പിച്ചിട്ടുണ്ട്. ദേശീയ തലത്തിലും അന്തര്‍ദേശീയതലത്തിലും നിരവധി പുരസ്കാരങ്ങള്‍ക്ക് ഇദ്ദേഹം അര്‍ഹനാണ്.
ബിരുദപഠനത്തിനുശേഷം ജോലിതേടി അബുദാബിയിലെത്തിയ സുബൈറിനെ, ഡോക്ടര്‍ സുബൈര്‍ ആക്കിയത് അല്‍-ഖസ്ന യിലെ ഫാല്‍കണ്‍ റിസര്‍ച് ആശുപത്രിയില്‍ നടത്തിയ ഒരു സന്ദര്‍ശനമാണ്. ഫാല്‍കണുകളോടുള്ള ഇഷ്ടംമൂലം, അവിടെ ഏതു ചെറിയ ജോലിയും ചെയ്യാന്‍ തയ്യാറായെങ്കിലും ആശുപത്രി അധികൃതര്‍ സമ്മതിച്ചില്ല. നിരാശയോടെ പടികളിറങ്ങിയ സുബൈര്‍ അപ്പോഴേക്കും ഒരു തീരുമാനം എടുത്തിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഫാല്‍കണ്‍ പക്ഷികളുടെ പഠനങ്ങള്‍ ഗവേഷണ വിഷയമായെടുത്ത് ഡോക്ട്ടറെറ്റ് നേടി. കൂടാതെ ജര്‍മ്മനിയിലെ ഫാല്‍കണ്‍ ബ്രീഡിംഗ് സെന്ററില്‍നിന്നും ഡിപ്ലോമയും കരസ്ഥമാക്കി. എക്സിബിഷനുകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കുമായി ജര്‍മ്മനി, ചൈന, യുകെ, ജിസിസി രാജ്യങ്ങള്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങി ഒട്ടനവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഡോക്റ്റര്‍ സുബൈര്‍, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, അറബി, തമിഴ് തുടങ്ങി പത്തിലധികം ഭാഷകളില്‍ നിപുണനാണ്.