മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് ദൃശ്യം. 2013-ൽ പുറത്തിറങ്ങിയ ചിത്രം വൻവിജയമായതിന് പിന്നാലെ കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു. 2021-ൽ പുറത്തിറങ്ങിയ ദൃശ്യം 2 വും റീമേക്ക് ചെയ്തിരുന്നു. അജയ് ദേവ്ഗൺ നായകനായെത്തിയ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
ഇപ്പോഴിതാ, കൊറിയൻ ഭാഷയിൽ ദൃശ്യം ഒരുങ്ങുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത്. പാരസൈറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സോങ് കാങ് ഹോയായിരിക്കും ചിത്രത്തിലെ നായകനെന്നാണ് വിവരങ്ങൾ. ദൃശ്യം, ദൃശ്യം 2 എന്നീ രണ്ട് ചിത്രങ്ങളും റീമേക്ക് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ദൃശ്യത്തിന്റെ ഒറിജിനല്‍ മലയാളത്തില്‍ ആണെങ്കിലും ഒരു ഹിന്ദി ചിത്രത്തിന്‍റെ റീമേക്ക് എന്ന നിലയ്ക്കാണ് പ്രഖ്യാപനം നടന്നിരിക്കുന്നത്.
ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ചിത്രം കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസും തെക്കന്‍ കൊറിയയില്‍ നിന്നുള്ള ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നുള്ള ഇന്തോ- കൊറിയന്‍ സംയുക്ത നിര്‍മ്മാണ സംരംഭമായിരിക്കും ചിത്രം. സോങ് കാങ് ഹോ, സംവിധായകന്‍ കിം ജൂ വൂണ്‍ എന്നിവര്‍ ഉടമകളായിട്ടുള്ള നിര്‍മ്മാണ കമ്പനിയാണ് ആന്തോളജി സ്റ്റുഡിയോസ്.