എച്ചും എട്ടും ഇല്ലാതെ ഇനി ലൈസന്‍സ് പുതുക്കാം; വാഹനം ഓടിക്കാന്‍ അറിഞ്ഞാല്‍ മാത്രം മതി

0

കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതില്‍ ഇളവുമായി ഗതാഗതവകുപ്പ്. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞില്ലെങ്കില്‍ തല്‍ക്കാലം പിഴ അടയ്‌ക്കേണ്ടതില്ല. അഞ്ചുവര്‍ഷം കഴിയാത്തവ പുതുക്കാന്‍ വീണ്ടും ടെസ്റ്റിന് വിധേയമാകണമെങ്കിലും എച്ചോ, എട്ടോ എടുക്കേണ്ടതില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.

ലൈസന്‍സ് പുതുക്കല്‍ സംബന്ധിച്ച് കര്‍ശന നിബന്ധനകളാണ് കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതിനെതിരേ കടുത്ത എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് ഇളവനുവദിച്ചത്. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കിയാല്‍ ആയിരം രൂപ പിഴ അടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തുന്നതുവരെ പിഴയില്ലാതെ പുതുക്കാം. ഒരു വര്‍ഷം കഴിഞ്ഞാല്‍ പിഴയൊടുക്കണമെന്ന് മാത്രമല്ല, ലേണേഴ്‌സ് ലൈസന്‍സ് എടുത്ത് വീണ്ടും പ്രായോഗിക ക്ഷമത പരീക്ഷയ്ക്ക് വിധേയമാകണം.

പക്ഷെ എച്ച് അല്ലെങ്കില്‍ എട്ട് എടുക്കേണ്ട. പകരം വാഹനം ഓടിച്ച് കാണിച്ചാല്‍ മാത്രം മതി. ആഴ്ചയില്‍ ഒരു ദിവസത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഇങ്ങനെയുള്ളവര്‍ക്കായി മാറ്റിവയ്ക്കും. ഇവര്‍ക്ക് പരീക്ഷയെഴുതാതെ തന്നെ ലേണേഴ്‌സ് ലൈസന്‍സ് എടുക്കാനാവും. മാത്രമല്ല ലേണേഴ്‌സ് എടുത്ത് ടെസ്റ്റിനായി 30 ദിവസം കാത്തിരിക്കുകയും വേണ്ട.എന്നാല്‍ കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷം കഴിഞ്ഞെങ്കില്‍ ലേണേഴ്‌സ് എടുക്കണം, എട്ട് അല്ലെങ്കില്‍ എച്ച് എടുത്ത് കാണിക്കുകയും വേണം.

വലിയ വാഹനങ്ങള്‍ ഒാടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സോ ബാഡ്‍‍ജോ രണ്ടിലേതെങ്കിലും ഒരെണ്ണത്തിന്റ കാലാവധി തീര്‍ന്നിട്ടില്ലെങ്കില്‍ ടെസ്റ്റ് നടത്താതെ തന്നെ പുതുക്കി നല്‍കാം. ടാക്സി വാഹനങ്ങളൊടിക്കാന്‍ എട്ടാം ക്ലാസ് പാസാകേണ്ടെന്ന ഭേദഗതി നിയമത്തിലെ വ്യവസ്ഥ അതേപടി നടപ്പാക്കാനും ഗതാഗതവകുപ്പ് തീരുമാനിച്ചു.