ദുബായ്: ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാന്‍ സ്വദേശിയുടെ വധശിക്ഷ ദുബായ് പരമോന്നത കോടതി ശരിവെച്ചു. കേസ് ആദ്യം പരിഗണിച്ച ദുബായ് ക്രിമിനല്‍ കോടതി നേരത്തെ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് അപ്പീല്‍ കോടതിയും ശിക്ഷ ശരിവെച്ചു. അതിന് ശേഷം ദുബായ് പരമോന്നത കോടതിയില്‍ പ്രതി സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം തള്ളുകയായിരുന്നു. ദുബായിലെ നിയമ നടപടി അനുസരിച്ച് ഇനി ദുബായ് ഭരണാധികാരി വിധി അംഗീകരിച്ചാല്‍ ശിക്ഷ നടപ്പാക്കും.
ദുബായ് അറേബ്യന്‍ റാഞ്ചസിലെ വില്ലയില്‍ ഗുജറാത്ത് സ്വദേശികളായ ഹിരണ്‍ ആദിയ (48), വിധി ആദിയ (40) എന്നിവരെ കുത്തി കൊലപ്പെടുത്തിയ 26കാരനായ പാകിസ്ഥാനി നിര്‍മ്മാണ തൊഴിലാളിയ്ക്കാണ് വധശിക്ഷ വിധിച്ചത്. 2020 ജൂണ്‍ 17ന് രാത്രിയാണ് കേസിനാസ്‍പദമായ സംഭവം ഉണ്ടായത്. അറേബ്യന്‍ റാഞ്ചസ് മിറാഡോര്‍ കമ്മ്യൂണിറ്റിയിലെ ദമ്പതികളുടെ വില്ലയിലായിരുന്നു കൊലപാതകം നടന്നത്. വില്ലയ്ക്ക് പുറത്ത് ആറു മണിക്കൂര്‍ ഒളിച്ചിരുന്ന ശേഷമായിരുന്നു പ്രതി വീടിന്റെ നടുമുറ്റത്തെ വാതിലിലൂടെ അകത്തേക്ക് കയറിയതും കൊലപാതകങ്ങള്‍ നടത്തിയതും.