അടുത്ത വര്‍ഷം ലോകത്ത് വിനാശകരമായ ഭുകമ്പങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യത

0

അടുത്ത വര്‍ഷം ലോകത്ത് വിനാശകരമായ ഭുകമ്പങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഭൂമിയുടെ ഭ്രമണത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വളരെ സൂക്ഷ്മമാണെങ്കില്‍ പോലും വലിയ അളവിലുള്ള ഭൂഗര്‍ഭ ഊര്‍ജ്ജ വികിരണത്തിന് അത് കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.ജനനിബിഡമായ ഉഷ്ണമേഖല പ്രദേശങ്ങളിലാണ് ഭൂകമ്പ സാധ്യത കൂടുതലെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

അതായത് ദിവസത്തിന്റെ നീളത്തിലുണ്ടാവുന്ന ഒരു മില്ലിസെക്കന്റ് വര്‍ദ്ധന പോലും വലിയ ദുരന്തങ്ങള്‍ക്ക് കാരണമായേക്കും. കഴിഞ്ഞ മാസം നടന്ന അമേരിക്കന്‍ ജിയോളജിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷിക യോഗത്തില്‍ വച്ചാണ് ഭൂമിയുടെ ഭ്രമണവേഗവും ഭൂകമ്പ സാധ്യതയും തമ്മിലുള്ള ബന്ധം അവലോകനം ചെയ്യുന്നത്. കോളറാഡോ സര്‍വകലാശാലയിലെ റോജര്‍ ബില്‍ഹാമും മൊണ്ടാന സര്‍വകലാശാലയിലെ റെബേക്ക ബെന്‍ഡിക്കും ചേര്‍ന്നവതരിപ്പിച്ച ഒരു പ്രബന്ധമാണ് കാത്തിരിക്കുന്ന വിപത്തിനെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 32 വര്‍ഷത്തിനിടെ 7 ല്‍ കൂടുതല്‍ തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങളുടെ എണ്ണം കൂടിയതായും മറ്റ് കാലങ്ങളെ അപേക്ഷിച്ച് അഞ്ച് ഘട്ടങ്ങളില്‍ ഭൂകമ്പങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നും അവര്‍ കണ്ടെത്തി. ബാക്കിയുള്ള കാലഘട്ടങ്ങളില്‍ പ്രതിവര്‍ഷം 15 ഓളം ഭൂകമ്പങ്ങളുണ്ടായപ്പോള്‍ അഞ്ച് കാലഘട്ടങ്ങളില്‍ പ്രതിവര്‍ഷം 25 മുതല്‍ 30 വരെ തീവ്രമായ ഭൂമികുലുക്കങ്ങളാണ് ഉണ്ടായതെന്ന് ബില്‍ഹാം പറയുന്നു.ഈ സമയത്തുണ്ടായ തീവ്രമായ ഭൂചലന പ്രവണതകളും മറ്റ് ഘടകങ്ങളുമായി താരതമ്യം ചെയ്തപ്പോഴാണ് ഭൂമിയുടെ ഭ്രമണവേഗം വളരെ സൂക്ഷമമായി കുറയുമ്പോള്‍ ഭൂകമ്പങ്ങളുടെ എണ്ണം പെരുകുന്നതായി കണ്ടെത്തിയത്.

കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിനിടയില്‍ ഒരോ അഞ്ചു വര്‍ഷത്തിന്റെ ഇടവേളകളില്‍ ഭൂമിയുടെ ഭ്രമണവേഗം കുറയുന്ന സംഭവം നിരവധി തവണ ഉണ്ടായി. ഈ കാലഘട്ടങ്ങളിലാണ് തീവ്ര ഭൂകമ്പങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിരിക്കുന്നത്. ഭൂമിയുടെ ഭ്രമണവേഗത്തിലെ കാലാനുസാരിയായ കുറവ് ആരംഭിച്ചത് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നത് ഈ ബന്ധത്തെ നിര്‍ണായകമാക്കുന്നു. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷം തീവ്ര ഭൂകമ്പങ്ങളുടെ എണ്ണം കുത്തനെ കൂടും.