തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ മരണം 3600 കവിഞ്ഞു. മഞ്ഞുവീഴ്ച്ച മൂലം രക്ഷാ പ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. കനത്ത തണുപ്പിൽ വിറങ്ങലിച്ച് പതിനായിരങ്ങളാണ് തെരുവിൽ കഴിയുന്നത്. തുർക്കിയിൽ 5000ൽ അധികം കെട്ടിടങ്ങളാണ് തകർന്ന് വീണത്. വൻ ദുരന്തം ഉണ്ടായതിനെ തുടർന്ന് 7 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് തുർക്കി പ്രഡിസന്റ്.
റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തുർക്കിയിലുണ്ടായത്. തുടർന്ന് ശക്തമായ തുടർ ചലനങ്ങളും അനുഭവപ്പെട്ടു. തുർക്കിയിലെയും സിറിയയിലുമായി നിരവധി കെട്ടിടങ്ങളാണ് നിലം പൊത്തിയത്. ദുരന്ത മുഖത്തേയ്ക്ക് യൂറോപ്യൻ യൂണിയൻ റെസ്ക്യൂ ടീമുകളെ അയച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ എമർജൻസി റെസ്‌പോൺസ് കോർഡിനേഷൻ സെന്ററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ദുരന്തബാധിതർക്ക് സഹായ വാഗ്ദാനവുമായി ലോകരാഷ്ട്രങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സിറിയൻ അതിർത്തിയോട് ചേർന്ന തെക്ക് കിഴക്കൻ തുർക്കിയിൽ പുലർച്ചെയാണ് വൻ ഭൂചലനം അനുഭവപ്പെട്ടത്. ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അതിശക്തമായ ഭൂചലനം. പിന്നീട് തീവ്രതയുള്ള നിരവധി തുടർചലനങ്ങൾ ഉണ്ടായി. ഇറാഖ്, ജോർജിയ, സൈപ്രസ്, ലെബനൺ എന്നീ രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. തുർക്കിയിലും സിറിയയിലും നൂറുകണക്കിന് ബഹുനിലക്കെട്ടിടങ്ങൾ നിലംപൊത്തി.
കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം നടക്കുകയാണ്. അതിശൈത്യം രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. തുർക്കിയിലെ ദുരന്തബാധിത മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 10 ദിവസത്തേക്ക് അടച്ചിട്ടു. ഇവിടെ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യം ഒറ്റക്കെട്ടായി ദുരന്തത്തെ നേരിടുമെന്ന് പ്രസിഡന്റ് രജപ് ത്വയിബ് എർദോഗൻ ട്വീറ്റ് ചെയ്തു.
നൂറുവർഷത്തിനിടെ തുർക്കിയിലുണ്ടാകുന്ന ഏറ്റവും വിനാശകാരിയായ ഭൂചലനമാണിതെന്ന് യു എസ് ജിയൊളോജിക്കൽ സർവേ അറിയിച്ചു. വടക്ക് പടിഞ്ഞാറൻ സിറിയയിലാണ് ഭൂചലനം കനത്ത നാശം വിതച്ചത്. സർക്കാർ നിയന്ത്രിത മേഖലയിലും വിമതരുടെ കൈവശമുള്ള ഒട്ടേറെ പ്രദേശങ്ങളിലും നാശമുണ്ടായി. സിറിയയിൽ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.